
Indian ship attack off Oman : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കാർഗോ കപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംഎസ്വി അൽ ജുസുഫി’ എന്ന കപ്പലിന് നേരെയാണ് അജ്ഞാത കേന്ദ്രത്തിൽനിന്ന് ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ഗൻഡാർ നഹിം അജിജാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ മരണവിവരം സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കടൽമാർഗമുള്ള ചരക്കുനീക്കവും നാവികരുടെ സുരക്ഷയും സംബന്ധിച്ച് സംഭവം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.
കടൽമാർഗമുള്ള ആക്രമണങ്ങൾ ആശങ്ക വർധിപ്പിക്കുന്നു
ചെങ്കടലിലും പരിസര പ്രദേശങ്ങളിലും ചരക്കുകപ്പലുകൾക്ക് നേരെ ഹൂത്തി വിമതരും മറ്റ് സായുധ സംഘങ്ങളും ആക്രമണങ്ങൾ നടത്തിവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുദ്ധസാഹചര്യങ്ങൾക്കിടെ ഫെബ്രുവരി മുതൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 14 പേർ നാവികരാണ്.
ഒമാൻ തീരത്തെ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൂടി കൊല്ലപ്പെട്ടതോടെ മേഖലയിലെ കടൽഗതാഗത സുരക്ഷയും ഇന്ത്യൻ നാവികരുടെ സുരക്ഷയും വീണ്ടും ചർച്ചയാകുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.