
Nol Jaywan Card UAE;ദുബൈ: ദുബായിലെ യാത്രക്കാർക്കും പ്രവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ തലമുറ നോൽ–ജയ്വാൻ (Nol–Jaywan) കാർഡുകൾ എത്തുന്നു. മെട്രോ, ബസ് യാത്രകൾക്കു പുറമെ ടാക്സി സർവീസുകൾ, പൊതു പാർക്കിങ് തുടങ്ങിയ സേവനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നത്. യുഎഇയുടെ ദേശീയ പേയ്മെന്റ് സംവിധാനമായ ജയ്വാനുമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യുടെ നോൽ സംവിധാനത്തെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
യുഎഇ സെൻട്രൽ ബാങ്കിന്റെ ഉപസ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെന്റ്സുമായി സഹകരിച്ചാണ് ആർടിഎ പുതിയ സംവിധാനം ഒരുക്കുന്നത്. പദ്ധതിയുടെ പരീക്ഷണഘട്ടം 2026 നവംബറിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഘട്ടംഘട്ടമായിട്ടായിരിക്കും പുതിയ കാർഡുകളുടെ സേവനങ്ങൾ വ്യാപിപ്പിക്കുക.
എവിടെയൊക്കെ ഉപയോഗിക്കാം?
ആദ്യഘട്ടത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ് എന്നിവയ്ക്കു പുറമെ ടാക്സികൾ, സ്വകാര്യ ഗതാഗത സേവനങ്ങൾ, പൊതു പാർക്കിങ് എന്നിവിടങ്ങളിലും പുതിയ കാർഡ് ഉപയോഗിക്കാനാകും. യാത്രാ ആവശ്യങ്ങൾക്കു പുറമെ ജയ്വാൻ പേയ്മെന്റ് സംവിധാനത്തിലൂടെയുള്ള മറ്റ് ഇടപാടുകൾക്കും കാർഡ് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
യുഎഇയിലെ വിവിധ പൊതുഗതാഗത, സ്വകാര്യ ഗതാഗത സേവനങ്ങൾക്കും ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള പണമടയ്ക്കലിനും കാർഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കും.
മൊബൈൽ ഫോണിലൂടെയും നിയന്ത്രിക്കാം
ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾ വഴി കാർഡ് ഡിജിറ്റലായി ആക്ടിവേറ്റ് ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന സൗകര്യവും പുതിയ സംവിധാനത്തിലുണ്ടാകും. ഇതോടെ യാത്രക്കാർക്ക് കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ മൊബൈൽ ഫോണിലൂടെ കൈകാര്യം ചെയ്യാനാകും.
120ലേറെ ഓഫറുകളും ഇളവുകളും
പുതിയ നോൽ–ജയ്വാൻ കാർഡ് ഉടമകൾക്ക് 120ലധികം പ്രമോഷണൽ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രയ്ക്കപ്പുറം ദൈനംദിന ആവശ്യങ്ങളിലും കാർഡിന്റെ പ്രയോജനം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള നോൽ കാർഡ് മാറ്റണോ?
നിലവിലുള്ള നോൽ സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാർഡുകൾ അവതരിപ്പിക്കുന്നത്. അക്കൗണ്ട് ബേസ്ഡ് ടിക്കറ്റിങ് (Account-Based Ticketing) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഗതാഗത സേവനങ്ങളെ ഏകോപിപ്പിക്കാനും പേയ്മെന്റ് നടപടികൾ ലളിതമാക്കാനുമാണ് ആർടിഎയുടെ നീക്കം.
എന്നാൽ നിലവിലുള്ള നോൽ കാർഡുകൾ നിർബന്ധമായും മാറ്റേണ്ടതുണ്ടോ, പുതിയ കാർഡിന്റെ വില എത്രയായിരിക്കും, പൊതുജനങ്ങൾക്ക് എപ്പോൾ മുതൽ പൂർണതോതിൽ ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ ആർടിഎ ഇതുവരെ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.
യാത്രയ്ക്കും മറ്റ് പേയ്മെന്റുകൾക്കുമായി വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കേണ്ട സാഹചര്യം കുറയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നോൽ–ജയ്വാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം.





