
യുഎഇ: റമദാൻ 2027 മുന്നിൽക്കണ്ട് യുഎഇയിലെ കുടുംബങ്ങൾ ഷോപ്പിങ് നേരത്തേ ആരംഭിക്കാനും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനും ചെലവുകൾ കൂടുതൽ ശ്രദ്ധയോടെ ക്രമീകരിക്കാനും ഒരുങ്ങുന്നതായി പുതിയ പഠനം. വേൾഡ്പാനൽ ബൈ ന്യൂമറേറ്റർ (Worldpanel by Numerator) നടത്തിയ ഉപഭോക്തൃ പെരുമാറ്റ പഠനത്തിലാണ് ഈ പ്രവചനം.2026ലെ റമദാൻ കാലത്ത് ഉപഭോക്താക്കളുടെ ഷോപ്പിങ് രീതികളിലുണ്ടായ മാറ്റങ്ങളാണ് പുതിയ പഠനത്തിന് അടിസ്ഥാനം. പ്രാദേശിക സംഘർഷങ്ങൾ കാരണം കുടുംബസംഗമങ്ങളും ഭക്ഷണവിരുന്നുകളും വീടുകളിലേക്ക് മാറിയിരുന്നു. ഇതോടൊപ്പം ഓൺലൈൻ ഗ്രോസറി ഷോപ്പിങ്ങിനും പ്രചാരം വർധിച്ചു.
2027ലെ റമദാൻ ശൈത്യകാലത്തോട് കൂടുതൽ അടുത്തായിരിക്കുമെന്നും മേഖലയിലെ അനിശ്ചിതത്വങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഉപഭോക്താക്കൾ നേരത്തേ തന്നെ ആവശ്യമായ സാധനങ്ങൾ വാങ്ങാനും ചെലവുകൾ ആസൂത്രണം ചെയ്യാനും കൂടുതൽ ശ്രദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
റമദാൻ 2027 ഫെബ്രുവരി 8ന് ആരംഭിക്കാൻ സാധ്യതയുഎഇ ആസ്ട്രോണമി സെന്ററിന്റെ കണക്കുകൂട്ടൽ പ്രകാരം 2027ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 8ന് ആരംഭിക്കാനാണ് സാധ്യത.
ഹിജ്റി കലണ്ടറിലെ ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. 2027ലെ ഈദുൽ ഫിത്തർ മാർച്ച് 9 അല്ലെങ്കിൽ മാർച്ച് 10 തീയതികളിൽ ആരംഭിക്കാനാണ് സാധ്യത.
റമദാൻ 29-ാം ദിവസമായ മാർച്ച് 8ന് വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 9ന് ഈദുൽ ഫിത്തർ ആരംഭിക്കും. മാസപ്പിറവി കാണാത്തപക്ഷം റമദാൻ 30 ദിവസം പൂർത്തിയാക്കി മാർച്ച് 10ന് പെരുന്നാൾ ആഘോഷിക്കും.
ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ പ്രാധാന്യം
റമദാൻ കാലത്ത് യുഎഇയിലെ ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026ലെ റമദാൻ പാദത്തിൽ അതിവേഗ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ (FMCG) മൊത്തം വിൽപ്പന അളവിൽ 8.7 ശതമാനം ഓൺലൈൻ വ്യാപാരത്തിലൂടെയായിരുന്നു.
ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണത്തിലും വാങ്ങലുകളുടെ ആവൃത്തിയിലും വർധനയുണ്ടായി. എന്നാൽ ഓരോ തവണയും വാങ്ങുന്ന സാധനങ്ങളുടെ എണ്ണവും ഓർഡറുകളുടെ വലുപ്പവും കുറഞ്ഞു. കൂടുതൽ തവണ ഷോപ്പിങ് നടത്തുകയും ഓരോ തവണയും കുറച്ച് സാധനങ്ങൾ മാത്രം വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഉപഭോക്താക്കൾ പിന്തുടർന്നത്.
അതേസമയം, പരമ്പരാഗത സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഉൾപ്പെടുന്ന മോഡേൺ ട്രേഡ് വിഭാഗത്തിന് വിപണിയിൽ 71.5 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.
ഭക്ഷ്യ-ഗാർഹിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വർധന
2026ലെ റമദാൻ പാദത്തിൽ യുഎഇയിലെ എഫ്എംസിജി ഉൽപ്പന്നങ്ങളുടെ മൊത്തം ചെലവിൽ മുൻവർഷത്തെ അപേക്ഷിച്ച് 5.3 ശതമാനം വർധനയുണ്ടായി. വിൽപ്പന അളവ് 3.5 ശതമാനവും ഉയർന്നു.
പാൽ ഉൽപ്പന്നങ്ങളാണ് ഏറ്റവും മികച്ച വളർച്ച രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിലെ ചെലവ് 7.5 ശതമാനവും വിൽപ്പന അളവ് 5.2 ശതമാനവും വർധിച്ചു.
ഗാർഹിക ശുചീകരണ ഉൽപ്പന്നങ്ങളുടെ (Home Care) ചെലവിൽ 7.2 ശതമാനം വർധനയുണ്ടായി. വിൽപ്പന അളവ് 4.8 ശതമാനവും ഉയർന്നു.
എന്നാൽ എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലും ഒരേ രീതിയിലുള്ള വളർച്ച ഉണ്ടായില്ല. എഫ്എംസിജി വിഭാഗത്തിലെ 53 ശതമാനം ഉൽപ്പന്നങ്ങൾ മാത്രമാണ് വിൽപ്പന അളവിൽ വളർച്ച രേഖപ്പെടുത്തിയത്. 2026 മാർച്ച് വരെയുള്ള 12 മാസക്കാലയളവിൽ ഇത് 64 ശതമാനമായിരുന്നു.
പേഴ്സണൽ കെയർ ഉൽപ്പന്നങ്ങളുടെ ചെലവിൽ 2.8 ശതമാനം കുറവുണ്ടായി. പാനീയങ്ങളുടെ വിൽപ്പന അളവിലും 1.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വീടുകളിലെ ആഘോഷങ്ങൾക്ക് മുൻഗണന
പ്രാദേശിക സംഘർഷങ്ങൾ സാമൂഹിക ഇടപെടലുകളിലും വീടിന് പുറത്തുള്ള ആഘോഷങ്ങളിലും മാറ്റങ്ങൾ സൃഷ്ടിച്ചതായി വേൾഡ്പാനൽ വിലയിരുത്തുന്നു. ഹൈബ്രിഡ്, റിമോട്ട് ജോലി രീതികളും കുടുംബങ്ങൾ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് കാരണമായിട്ടുണ്ട്.
“ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ആസൂത്രണത്തോടെ സാധനങ്ങൾ വാങ്ങുകയും തങ്ങൾക്ക് പ്രാധാന്യമുള്ള അവസരങ്ങൾക്കായി ചെലവുകൾ മാറ്റിവെക്കുകയും ചെയ്യുന്നു,” വേൾഡ്പാനൽ ബൈ ന്യൂമറേറ്ററിന്റെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖല മാനേജിങ് ഡയറക്ടർ ഇദ്രിസ് എൽ ഗാനരി പറഞ്ഞു.
സൗദിയിലും ഈജിപ്തിലും മൊറോക്കോയിലും വ്യത്യസ്ത രീതികൾ
യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലെ ഉപഭോക്തൃ രീതികളും പഠനം വിലയിരുത്തുന്നുണ്ട്. ഓരോ രാജ്യത്തും വ്യത്യസ്തമായ ഷോപ്പിങ് രീതികളാണ് കാണപ്പെടുന്നതെന്നും എല്ലാ വിപണികൾക്കും ഒരേ തന്ത്രം ഫലപ്രദമാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ റമദാന് മുമ്പുതന്നെ കുടുംബങ്ങൾ കൂടുതൽ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് കണ്ടത്. ഫെബ്രുവരിയിലെ എഫ്എംസിജി ചെലവ് സാധാരണ മാസത്തെ അപേക്ഷിച്ച് 117 എന്ന സൂചികയിലെത്തി.
ഈജിപ്തിൽ റമദാൻ കാലത്ത് സാധാരണ മാസങ്ങളെ അപേക്ഷിച്ച് ചെലവിൽ 30 ശതമാനവും വാങ്ങുന്ന സാധനങ്ങളുടെ അളവിൽ 20 ശതമാനവും വർധനയുണ്ടായി. നിലവിലുള്ള ഉപഭോക്താക്കൾ കൂടുതൽ സാധനങ്ങൾ വാങ്ങിയതാണ് ഇതിന് പ്രധാന കാരണം.
മൊറോക്കോയിൽ റമദാന് മുമ്പുള്ള പതിവ് സ്റ്റോക്ക് വാങ്ങൽ ഉണ്ടായില്ല. ഓരോ ഉപഭോക്താവും വാങ്ങിയ പാക്കറ്റുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവുണ്ടായി.
റമദാൻ ആദ്യ നോമ്പിന് ഏതാനും ആഴ്ചകൾ മുമ്പുതന്നെ ആരംഭിക്കുന്ന ഉപഭോക്തൃ യാത്ര ഈദുൽ ഫിത്തർ വരെ നീളുന്നതാണെന്ന് വേൾഡ്പാനൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ 2027ലെ റമദാനിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഷോപ്പിങ് രീതികളും മുൻകൂട്ടി മനസ്സിലാക്കി വ്യാപാരികൾ പദ്ധതികൾ തയ്യാറാക്കേണ്ടിവരുമെന്നും പഠനം വ്യക്തമാക്കുന്നു.





