
Dubai Tenants Get Relief as Rent Payments ദുബൈ: വാടകത്തുക ഒറ്റയടിക്ക് അടയ്ക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച് ദുബൈ റെസിഡൻഷ്യൽ. ദുബൈ ഹോൾഡിംഗ് അസറ്റ് മാനേജ്മെന്റിന്റെ ഭാഗമായ ദുബൈ റെസിഡൻഷ്യൽ, യുഎഇ ആസ്ഥാനമായ ഫിൻടെക് പ്ലാറ്റ്ഫോമായ റെന്റിഫൈയുമായി (Rentify) സഹകരിച്ചാണ് വാടക ചെറിയ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നത്.
ദുബൈയിലെ 22 റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ താമസിക്കുന്ന 1.46 ലക്ഷത്തിലധികം ആളുകൾക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. പുതിയ വാടകക്കാർക്കും നിലവിലുള്ള താമസക്കാർക്കും ഈ സൗകര്യം ലഭ്യമാകും.
നിലവിൽ നാല് ചെക്കുകളായി വാർഷിക വാടക അടയ്ക്കുന്നവർക്ക് ആദ്യ ഗഡുവിനെ വീണ്ടും ചെറിയ പേയ്മെന്റുകളായി വിഭജിച്ച് അടയ്ക്കാം. ഉദാഹരണത്തിന്, പ്രതിവർഷം 80,000 ദിർഹം വാടകയുള്ള ഒരാൾക്ക് ഓരോ നാല് മാസം കൂടുമ്പോഴും 20,000 ദിർഹം ഒന്നിച്ച് നൽകുന്നതിന് പകരം ആദ്യ ഗഡുവായ 20,000 ദിർഹം ചെറിയ തുകകളായി അടയ്ക്കാൻ സാധിക്കും.
തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ഈ സേവനം പ്രയോജനപ്പെടുത്താനാകുക. ബ്ലൂവാട്ടേഴ്സ്, സിറ്റി വാക്ക്, നാദ് അൽ ഷെബ വില്ലാസ്, ദി ഗാർഡൻസ്, റെംറാം, ലയാൻ, ഘോറൂബ്, ഷോറൂഖ് തുടങ്ങിയ പ്രമുഖ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ പദ്ധതിയിൽ ഉൾപ്പെടും.
ബാങ്കുകളും റെന്റിഫൈയും നിശ്ചയിക്കുന്ന വ്യക്തിഗത യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും സേവനം ലഭ്യമാക്കുക. പുതിയ സംവിധാനം വാടകക്കാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഈ പേയ്മെന്റ് സൗകര്യം ഉപയോഗിക്കുന്നതിന് മുമ്പ് ബാധകമായ പ്രോസസിങ് ഫീസുകളും മറ്റ് നിരക്കുകളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.





