
Heavy rains hit Sharjah : യുഎഇയിലെ ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ ശക്തമായ മഴ. നവംബർ 11 ബുധനാഴ്ചയാണ് വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായത്. രാജ്യത്ത് വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പിനിടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും രാജ്യത്തേക്ക് അടുക്കുന്ന ന്യൂനമർദവുമാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് കാരണമാകുന്നത്. ദുബായ്, അബുദാബി, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നവംബർ 19 വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്. മേഘാവരണം വർധിക്കുന്നതിനൊപ്പം മഴ കൂടുതൽ വ്യാപിക്കുകയും താപനില ക്രമേണ കുറയുകയും ചെയ്യുമെന്ന് NCM നേരത്തെ അറിയിച്ചിരുന്നു.
NCM കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബിന്റെ വിശദീകരണപ്രകാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ന്യൂനമർദം കൂടുതൽ ശക്തമാകുന്നതോടെ ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടും.
ഷാർജയിലെ മ്ലീഹ, അൽ മദം, അൽ ബദായർ, ഷൗക്ക തുടങ്ങിയ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ഫുജൈറയിലേക്ക് പോകുന്ന ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും ശക്തമായ മഴ രേഖപ്പെടുത്തി. മഴയെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ വേഗത കുറച്ച് സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഴ ആസ്വദിച്ച് ഒട്ടകക്കൂട്ടം
മഴയ്ക്കിടെ ഷാർജയിൽ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. മഴ ആസ്വദിക്കുന്ന മൂന്ന് ഒട്ടകങ്ങളുടെ ദൃശ്യങ്ങളാണ് സ്റ്റോം സെന്റർ പങ്കുവെച്ചത്. മഴക്കാലത്തെ ഈ മനോഹര കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി.
ഓറഞ്ച്, യെല്ലോ അലർട്ടുകൾ
ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച രാത്രി 11 മണിവരെ NCM ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അലർട്ട് ബാധകമായ പ്രദേശങ്ങൾ വ്യക്തമാക്കുന്ന ഭൂപടവും കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താമസക്കാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.





