Cyberattacks on hospitals : സൈബർ ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയേക്കാം; മുന്നറിയിപ്പുമായി ബുർജീൽ ചെയർമാൻ

Cyberattacks on hospitals : ആധുനിക യുദ്ധങ്ങളിൽ സൈബർ ആക്രമണങ്ങൾ നിർണായക ആയുധമായി മാറുന്ന സാഹചര്യത്തിൽ, ആശുപത്രികളും ആരോഗ്യസംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ മുന്നറിയിപ്പ് നൽകി. സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്തശേഖരണം, മരുന്നുകളുടെ സംഭരണം എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദാബിയിൽ നടന്ന 46-ാമത് വേൾഡ് കോൺഗ്രസ് ഓഫ് മിലിട്ടറി മെഡിസിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക യുദ്ധങ്ങളിൽ ആക്രമണങ്ങൾ പരമ്പരാഗത യുദ്ധമേഖലകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സൈബർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളിൽ പരസ്പരം ബന്ധിപ്പിച്ച നിരവധി ഡിജിറ്റൽ സംവിധാനങ്ങളും മെഡിക്കൽ ഉപകരണങ്ങളുമുണ്ട്. ഇവയെല്ലാം സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യരംഗം പ്രത്യേകമായി തയ്യാറെടുക്കേണ്ടതുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള മരുന്നുകളും വസ്തുക്കളും സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തം സൂക്ഷിക്കുന്ന സംവിധാനങ്ങൾ എന്നിവയെല്ലാം ആക്രമണത്തിലൂടെ പ്രവർത്തനരഹിതമാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൈബർ യുദ്ധത്തിന്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഹാക്കിങ്ങുകളും പുതിയ സൈബർ ഭീഷണികളും ഉയർന്നുവരുന്നുണ്ടെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ വ്യക്തമായ ഉത്തരവാദിത്ത ശൃംഖലയും നിർദേശങ്ങൾ കൈമാറുന്നതിനുള്ള കൃത്യമായ സംവിധാനവും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം ആക്രമണങ്ങളിൽ ആദ്യം ലക്ഷ്യമിടപ്പെടുന്നവയിൽ ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുന്നതിനാൽ, അവ തടസ്സപ്പെട്ടാലും ആശുപത്രികളുടെ പ്രവർത്തനം തുടരാനുള്ള ബദൽ സംവിധാനങ്ങൾ തയ്യാറാക്കണം.

ആശുപത്രികൾ ഇന്ന് ഡിജിറ്റൽ മെഡിക്കൽ രേഖകൾ, പരസ്പരം ബന്ധിപ്പിച്ച മെഡിക്കൽ ഉപകരണങ്ങൾ, വിവിധ ആരോഗ്യസ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ എന്നിവയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം സംവിധാനങ്ങളിലുണ്ടാകുന്ന തടസ്സങ്ങൾ രോഗികളുടെ വിവരങ്ങൾ ലഭ്യമാകുന്നതിനെ മാത്രമല്ല, ചികിത്സയുടെ തുടർച്ചയെയും ബാധിച്ചേക്കാം.

അബുദാബിയിൽ ആരോഗ്യ മേഖലയിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സംവിധാനങ്ങളുണ്ട്. ആരോഗ്യവകുപ്പിന്റെ AAMEN പദ്ധതിയിലൂടെ ആരോഗ്യസ്ഥാപനങ്ങൾക്കുള്ള വിവരസുരക്ഷ, ഡാറ്റാ സ്വകാര്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, അബുദാബി ഹെൽത്ത്‌കെയർ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (ADHCE​RT) സൈബർ സംഭവങ്ങൾ നിരീക്ഷിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

2025 മേയിൽ സൈബർ സുരക്ഷാ കമ്പനിയായ CPX-യുമായി അബുദാബി ആരോഗ്യവകുപ്പ് ധാരണാപത്രവും ഒപ്പുവെച്ചിരുന്നു. സൈബർ സുരക്ഷാ പരിശീലനങ്ങൾ, വിദഗ്ധ അറിവുകളുടെ കൈമാറ്റം എന്നിവയിലൂടെ ആരോഗ്യ മേഖലയിലെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സാങ്കേതിക സംവിധാനങ്ങൾ എല്ലായ്പ്പോഴും തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് കരുതാതെ, അവ തകരാറിലാകുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആരോഗ്യസ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കണമെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കണം. എന്നാൽ ചികിത്സാ തീരുമാനങ്ങളിൽ മനുഷ്യന്റെ വിവേചനബുദ്ധിക്കും നിർണായക പങ്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy