
Sharjah beaches reopen after oil spill : ഷാർജ: എണ്ണക്കപ്പലിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു. കടൽമലിനീകരണം നിയന്ത്രണവിധേയമാക്കിയെന്നും എണ്ണച്ചോർച്ചയുടെ അവശേഷിച്ച പ്രത്യാഘാതങ്ങൾ നീക്കം ചെയ്തെന്നും അധികൃതർ അറിയിച്ചു.
വിശദമായ പരിശോധനകളും നിരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ബീച്ചുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ബീച്ചുകളും സമുദ്രപരിസ്ഥിതിയും ഇപ്പോൾ സുരക്ഷിതമാണെന്നും പൊതുജനാരോഗ്യത്തിനോ സമുദ്രജീവികൾക്കോ ദോഷകരമായേക്കാവുന്ന മലിനീകരണത്തിന്റെ ലക്ഷണങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ പൊതുജനങ്ങൾക്ക് ബീച്ചുകൾ സന്ദർശിക്കാനും വിവിധ സമുദ്ര വിനോദങ്ങളിൽ ഏർപ്പെടാനും കഴിയും.
എണ്ണച്ചോർച്ചയുമായി ബന്ധപ്പെട്ട സാഹചര്യം കൈകാര്യം ചെയ്യുന്നതിനും മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹകരിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
സമുദ്രപരിസ്ഥിതിയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി അധികൃതർ മുഴുവൻ സമയ നിരീക്ഷണവും പരിശോധനയും തുടരും.
കഴിഞ്ഞ ഒക്ടോബർ 28നാണ് എണ്ണക്കപ്പലിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് മുൻകരുതൽ നടപടിയായി ഷാർജയിലെ എല്ലാ ബീച്ചുകളും അടച്ചത്. ഒക്ടോബർ 23ന് അൽ ഹംരിയ ബീച്ച് ആദ്യം താൽക്കാലികമായി അടച്ചിരുന്നു. എണ്ണച്ചോർച്ച കടൽത്തീരങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനായി പ്രത്യേക സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിനിടെ, എണ്ണച്ചോർച്ചയെ തുടർന്ന് അടച്ചിട്ടിരുന്ന റാസ് അൽ ഖൈമയിലെ ഏഴ് ബീച്ചുകളും നവംബർ 11ന് വീണ്ടും തുറന്നിരുന്നു. പൊതുജനങ്ങൾക്കുള്ള ബീച്ചുകൾക്കൊപ്പം പ്രധാന റിസോർട്ടുകളിലെ ബീച്ചുകളും തുറന്നവയിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 23ന് ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപം ഒരു ടാങ്കറിൽ നിന്ന് എണ്ണച്ചോർച്ചയുണ്ടായതായി യുഎഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ താമസക്കാർക്ക് ഇന്ധനത്തിന് സമാനമായ ഗന്ധം അനുഭവപ്പെട്ട സംഭവവുമായും ഈ എണ്ണച്ചോർച്ച ബന്ധപ്പെട്ടിരുന്നു.





