
Qatar Promotes Student-Led Efforts to Combat School Bullying ദോഹ: സ്കൂളുകളിലെ ബുള്ളിയിങ് (വിദ്യാർഥികളെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രവണത) തടയുന്നതിനും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികളുമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളെ തന്നെ ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും അംബാസഡർമാരാക്കി മാറ്റി സ്കൂളുകളിൽ നല്ല പെരുമാറ്റവും പരസ്പര ബഹുമാനവും വളർത്തുകയാണ് ലക്ഷ്യം.
മന്ത്രാലയത്തിന്റെ സ്കൂൾ-വിദ്യാർഥി കാര്യ വിഭാഗം ‘മൈ സ്കൂൾ, മൈ കമ്മ്യൂണിറ്റി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘റസ്പെക്ട് ആൻഡ് ടോളറൻസ് അംബാസഡേഴ്സ്’ ഫോറത്തിലാണ് ഈ പ്രവർത്തനങ്ങൾ വിശദീകരിച്ചത്. ബുള്ളിയിങ്ങിനെതിരായ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥികൾ, സ്കൂൾ കൗൺസിലർമാർ, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ മേധാവികൾ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുത്തു. വിദ്യാർഥികളിൽ പരസ്പര ബഹുമാനം, സഹിഷ്ണുത, മറ്റുള്ളവരുടെ വ്യത്യസ്തതകളെ അംഗീകരിക്കൽ തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനൊപ്പം സ്കൂൾ സമൂഹത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ബുള്ളിയിങ്ങിന്റെ വിദ്യാഭ്യാസപരവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സ്കൂൾ-വിദ്യാർഥി കാര്യ വിഭാഗം ഡയറക്ടർ മറിയം അൽ നിസ്ഫ് അൽ ബുഐനൈൻ പറഞ്ഞു. സ്കൂളുകൾ, കുടുംബങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വിദ്യാർഥികളിൽ സഹാനുഭൂതിയും സാമൂഹിക-വൈകാരിക കഴിവുകളും വളർത്തേണ്ടതിന്റെ പ്രാധാന്യം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാത്തിമ യൂസഫ് അൽ ഒബൈദ്ലിയും ചൂണ്ടിക്കാട്ടി. ബുള്ളിയിങ് ഒരു വിദ്യാഭ്യാസപരവും സാമൂഹികവുമായ വെല്ലുവിളിയാണ്. ഇത് നേരിടാൻ കുടുംബങ്ങളും സ്കൂളുകളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം. വ്യത്യസ്തതകളെ മാനിക്കാനും സഹപാഠികൾക്ക് പിന്തുണ നൽകാനും വിദ്യാർഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ബുള്ളിയിങ് തടയാൻ സമഗ്ര പദ്ധതി
‘മൈ സ്കൂൾ, മൈ കമ്മ്യൂണിറ്റി’ പദ്ധതിയുടെ ഭാഗമായി ബുള്ളിയിങ് വിരുദ്ധ നയങ്ങളും നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും നടപ്പാക്കും. ബോധവൽക്കരണ ക്യാംപെയ്നുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, ആവശ്യമായ ഇടപെടലുകൾ, ചോദ്യാവലികളിലൂടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തൽ, സ്കൂൾ കൗൺസിലർമാർക്കുള്ള പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പ്രാദേശിക സാമൂഹിക സ്ഥാപനങ്ങളുമായുള്ള സഹകരണവും ഗവേഷണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.
2026-27 അധ്യയന വർഷത്തേക്കുള്ള ബോധവൽക്കരണ ക്യാംപെയ്ൻ 2026 ഒക്ടോബർ ഒന്നിന് ആരംഭിച്ചു. 2027 ഏപ്രിൽ 30 വരെ ക്യാംപെയ്ൻ തുടരും. വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലെ പദ്ധതിയിൽ പങ്കെടുക്കുന്ന സർക്കാർ സ്കൂളുകളെയാണ് ഇത് ലക്ഷ്യമിടുന്നത്.
ബുള്ളിയിങ്ങിന്റെ വിവിധ രൂപങ്ങളും അതിന്റെ ദോഷഫലങ്ങളും വിദ്യാർഥികളെ പരിചയപ്പെടുത്തുക, പരസ്പര ബഹുമാനവും അംഗീകാരവും വളർത്തുക, ഇത്തരം സംഭവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനും ബന്ധപ്പെട്ടവരെ അറിയിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ക്യാംപെയ്നിന്റെ ലക്ഷ്യങ്ങൾ.
വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം
‘റസ്പെക്ട് ആൻഡ് ടോളറൻസ് അംബാസഡർമാരായി’ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സഹപാഠികൾക്കിടയിൽ നല്ല മാതൃകകളായി പ്രവർത്തിക്കാനുള്ള പരിശീലനവും പിന്തുണയും നൽകും. നല്ല പെരുമാറ്റം, ആശയവിനിമയ ശേഷി, മറ്റുള്ളവരിൽ നല്ല സ്വാധീനം ചെലുത്താനുള്ള കഴിവ്, മുൻകൈയെടുക്കൽ, സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം, കൂട്ടായ പ്രവർത്തനശേഷി, ഉത്തരവാദിത്തബോധം എന്നിവയാണ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡങ്ങൾ.
ഓരോ വിദ്യാർഥിക്കും സുരക്ഷിതത്വവും അംഗീകാരവും ലഭിക്കുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്കൂളുകൾ, കുടുംബങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ പദ്ധതിയിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.





