
Qatar to Witness Leonid Meteor Shower ഖത്തറിന്റെ രാത്രിയാകാശത്ത് ബുധനാഴ്ച (നവംബർ 18) ലിയോണിഡ് ഉൽക്കാവർഷം ദൃശ്യമാകും. അർധരാത്രി മുതൽ പുലർച്ചെ വരെ നീളുന്ന സമയത്താണ് ഉൽക്കാവർഷം ഏറ്റവും സജീവമാകുകയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. അനുയോജ്യമായ കാലാവസ്ഥയിലും ആകാശം തെളിഞ്ഞ സാഹചര്യത്തിലും മണിക്കൂറിൽ ഏകദേശം 15 ഉൽക്കകൾ വരെ കാണാൻ കഴിയുമെന്നാണ് നിരീക്ഷകരുടെ കണക്ക്.
ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ ഡോ. ബഷീർ മർസൂഖിന്റെ വിശദീകരണമനുസരിച്ച്, പ്രത്യേക ദൂരദർശിനികളോ മറ്റ് ജ്യോതിശാസ്ത്ര ഉപകരണങ്ങളോ ഇല്ലാതെ നഗ്നനേത്രങ്ങൾകൊണ്ട് തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കാം. ഖത്തറിന്റെ ആകാശത്ത് വടക്കുകിഴക്കൻ ചക്രവാളത്തിന് അഭിമുഖമായി നോക്കുന്നതാണ് ഉൽക്കകൾ കാണാനുള്ള നിർദേശം. അർധരാത്രി മുതൽ പുലർച്ചെ വരെ നിരീക്ഷണം തുടരാം.
ചന്ദ്രപ്രകാശം തടസ്സമാകില്ല
ഈ വർഷത്തെ ലിയോണിഡ് ഉൽക്കാവർഷം നിരീക്ഷിക്കാൻ അനുകൂലമായ സാഹചര്യങ്ങളായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രൻ അർധരാത്രിക്ക് മുമ്പ് അസ്തമിക്കുന്നതിനാൽ ഉൽക്കകളെ കാണുന്നതിന് ചന്ദ്രപ്രകാശം വലിയ തടസ്സമാകില്ല. ഇരുണ്ട ആകാശം നിരീക്ഷണത്തിന് കൂടുതൽ സഹായകരമാകും.
എന്നാൽ മേഘാവരണം, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, നഗരങ്ങളിലെ കൃത്രിമ വെളിച്ചം തുടങ്ങിയവ ദൃശ്യതയെ ബാധിക്കാം. അതിനാൽ തെരുവുവിളക്കുകളും കെട്ടിടങ്ങളിലെ വെളിച്ചവും കുറവുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
എന്താണ് ലിയോണിഡ് ഉൽക്കാവർഷം?
എല്ലാ വർഷവും നവംബർ മാസത്തിലാണ് ലിയോണിഡ് ഉൽക്കാവർഷം സജീവമാകുന്നത്. നവംബർ 6 മുതൽ 30 വരെയാണ് ഇതിന്റെ സജീവ കാലയളവ്. ടെംപൽ–ടട്ടിൽ (55P/Tempel-Tuttle) എന്ന വാൽനക്ഷത്രം സഞ്ചാരപഥത്തിൽ അവശേഷിപ്പിച്ച പൊടിപടലങ്ങളിലൂടെയും ചെറുകണങ്ങളിലൂടെയും ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ഈ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിച്ച് കത്തിയെരിയുമ്പോൾ ആകാശത്ത് പ്രകാശരേഖകൾ രൂപപ്പെടുന്നു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ ആകാശത്ത് നക്ഷത്രങ്ങൾ അടർന്നു വീഴുന്നതുപോലെ തോന്നുന്നതിനാലാണ് ഇവയെ സാധാരണയായി ‘ഷൂട്ടിങ് സ്റ്റാർസ്’ എന്നും വിളിക്കുന്നത്.
ലിയോ (സിംഹം) എന്ന നക്ഷത്രരാശിയുടെ ദിശയിൽനിന്ന് ഉൽക്കകൾ വരുന്നതായി തോന്നുന്നതിനാലാണ് ഈ ഉൽക്കാവർഷത്തിന് ലിയോണിഡ് എന്ന പേര് ലഭിച്ചത്. ഇരുണ്ടതും തെളിഞ്ഞതുമായ ആകാശമുള്ള സ്ഥലങ്ങളിൽ നിരീക്ഷിച്ചാൽ ഈ പ്രകൃതിദത്ത ആകാശക്കാഴ്ച കൂടുതൽ വ്യക്തമായി കാണാൻ കഴിയും.





