
Kuwait Drone Attacks കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുവിന്റെ വ്യോമാക്രമണ ഭീഷണികളെ തടയുന്നതിന്റെ ഭാഗമായാണെന്ന് സൈന്യം വ്യക്തമാക്കി.
ഇത്തരം ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും സൈനിക ജനറൽ സ്റ്റാഫ് നിർദേശിച്ചു. ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കുമായി ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അധികൃതർ നൽകുന്ന നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





