
Doha Film Festival 2026 ദോഹ: ഇന്ത്യൻ ചലച്ചിത്ര സംവിധായികയും നടിയുമായ നന്ദിത ദാസിന് ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ക്രിയേറ്റീവ് എക്സലൻസ് പുരസ്കാരം. പ്രശസ്ത സിറിയൻ നടൻ തൈം ഹസ്സനും ഇതേ പുരസ്കാരം ലഭിച്ചു. നവംബർ 19ന് ഖത്തറിലെ കത്താറ ഓപ്പറ ഹൗസിൽ നടന്ന ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് ഥാനി ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
സിനിമാരംഗത്തെ മികച്ച സംഭാവനകൾക്കും കലാപരമായ സ്വാധീനത്തിനും വിവിധ സംസ്കാരങ്ങളിലെ മനുഷ്യരുടെ കഥകൾ സിനിമയിലൂടെ അവതരിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് ഇരുവരെയും ആദരിച്ചത്. ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റ് ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരി, ഖത്തർ മീഡിയ സിറ്റി ഫിലിം കമ്മിറ്റി ചെയർമാൻ ഹസ്സൻ അൽ തവാദി, സി.ഇ.ഒ ഹമദ് ഒമർ അൽ മന്നായി, വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അലി അൽ മവ്ലാവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖത്തറിലെ 18ലധികം രാജ്യങ്ങളുടെ അംബാസഡർമാരും സന്നിഹിതരായിരുന്നു.
40ലധികം സിനിമകളിൽ അഭിനയിച്ച നന്ദിത ദാസ്
മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന കലാജീവിതത്തിൽ പത്ത് ഭാഷകളിലായി 40ലധികം സിനിമകളിൽ നന്ദിത ദാസ് അഭിനയിച്ചിട്ടുണ്ട്. മൃണാൾ സെൻ, ശ്യാം ബെനഗൽ, ദീപ മേത്ത, അടൂർ ഗോപാലകൃഷ്ണൻ, ഋതുപർണ ഘോഷ്, മണിരത്നം തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.
2008ൽ പുറത്തിറങ്ങിയ ‘ഫിറാഖ്’ ആണ് നന്ദിത ദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസ നേടി. എഴുത്തുകാരൻ സാദത്ത് ഹസൻ മൻതോയുടെ ജീവിതത്തെ ആസ്പദമാക്കി 2018ൽ സംവിധാനം ചെയ്ത ‘മൻതോ’ കാൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു. കാൻ ചലച്ചിത്രമേളയിൽ രണ്ടുതവണ ജൂറി അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
2023ൽ പുറത്തിറങ്ങിയ ‘സ്വിഗാറ്റോ’യാണ് നന്ദിത ദാസിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഭക്ഷണ വിതരണ തൊഴിലാളിയുടെയും കുടുംബത്തിന്റെയും ജീവിതം പ്രമേയമാക്കിയ ചിത്രം ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
തൈം ഹസ്സനും ആദരിക്കപ്പെട്ടു
അറബ് ലോകത്തെ ശ്രദ്ധേയരായ ടെലിവിഷൻ-സിനിമാ നടന്മാരിൽ ഒരാളാണ് സിറിയൻ താരം തൈം ഹസ്സൻ. ചരിത്ര പരമ്പരകളായ ‘അൽ-സീർ സാലിം’, ‘സലാഹുദ്ദീൻ’ എന്നിവയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ‘നിസാർ ഖബ്ബാനി’, ‘കിങ് ഫാറൂഖ്’ തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
‘കിങ് ഫാറൂഖ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കെയ്റോ അറബ് മീഡിയ ഫെസ്റ്റിവലിൽ മികച്ച നടനുള്ള ഗോൾഡ് മെഡലും ലഭിച്ചിരുന്നു. അഞ്ച് സീസണുകളിലായി സംപ്രേഷണം ചെയ്ത ‘അൽ ഹയ്ബ’ എന്ന പരമ്പരയിലെ ജബൽ ഷെയ്ഖ് അൽ ജബൽ എന്ന കഥാപാത്രവും അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.
നവംബർ 27 വരെ ചലച്ചിത്രോത്സവം
നവംബർ 19 മുതൽ 27 വരെയാണ് ദോഹ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. യെമനി-സ്കോട്ടിഷ് ചലച്ചിത്രകാരി സാറാ ഇഷാഖ് സംവിധാനം ചെയ്ത ‘ദി സ്റ്റേഷൻ’ ആയിരുന്നു ഉദ്ഘാടന ചിത്രം. മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ചലച്ചിത്ര പ്രവർത്തകരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച് പുതിയ സിനിമകൾക്കും വ്യത്യസ്തമായ കഥകൾക്കും വേദിയൊരുക്കുകയാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം.





