
Kuwait Launches Crackdown on Illegal Desert Camps കുവൈത്ത് സിറ്റി: സർക്കാർ ഭൂമി അനധികൃതമായി കൈയേറുന്നതും മരുഭൂമി പ്രദേശങ്ങളിൽ അനുമതിയില്ലാതെ ക്യാംപുകളും കന്നുകാലി വളർത്തൽ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതും തടയാൻ കുവൈത്തിൽ വ്യാപക പരിശോധന. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയത്.
അൽ സൽമി മരുഭൂമി മേഖലയിലെ അനധികൃത കന്നുകാലി വളർത്തൽ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. സുരക്ഷാ വിഭാഗം, കുവൈത്ത് മുനിസിപ്പാലിറ്റി, കാർഷിക-മത്സ്യവിഭവ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
അനുമതിയില്ലാത്ത മൂന്ന് കേന്ദ്രങ്ങൾ കണ്ടെത്തി
പരിശോധനയിൽ ആവശ്യമായ അനുമതികളില്ലാതെ സർക്കാർ ഭൂമിയിൽ സ്ഥാപിച്ച നിരവധി കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ കണ്ടെത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി ചട്ടങ്ങളും കാർഷിക അതോറിറ്റിയുടെ നിർദേശങ്ങളും മേച്ചിൽ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചില കേന്ദ്രങ്ങൾ അധികൃതർ പിടിച്ചെടുക്കാൻ അന്വേഷിച്ചുകൊണ്ടിരുന്ന വാഹനങ്ങൾ ഒളിപ്പിക്കാൻ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. അടച്ചുപൂട്ടിയ ഒരു കമ്പനിയുടെ പേരിലുള്ള പിടിച്ചെടുക്കേണ്ട ടാക്സി വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങളും ഇവിടെ കണ്ടെത്തി.
പ്രകൃതിസംരക്ഷണ മേഖലകളിലും പരിശോധന
അൽ സൽമിക്ക് പുറമെ ഉമ്മുൽ ഖദീർ ഉൾപ്പെടെയുള്ള പ്രകൃതിസംരക്ഷണ മേഖലകളിലും അധികൃതർ പരിശോധന നടത്തി. സംരക്ഷിത ഭൂമികളുടെ അതിർത്തികൾ, വന്യജീവികളുടെ ആവാസവ്യവസ്ഥ, പരിസ്ഥിതി സംരക്ഷണ നടപടികൾ എന്നിവ മന്ത്രി വിലയിരുത്തി.
സംരക്ഷിത മേഖലകളിൽ അനധികൃതമായി മൃഗങ്ങളെ മേയിക്കുന്നതും ഭൂമി കൈയേറുന്നതും തടയാൻ സുരക്ഷാ-പരിസ്ഥിതി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പക്ഷിവളർത്തൽ കേന്ദ്രങ്ങളിലും കൈയേറ്റം
അൽ മനാഖിഷ് മേഖലയിലെ പക്ഷിവളർത്തൽ കേന്ദ്രങ്ങളിലും പരിശോധന നടന്നു. ആടുകളെയും ഒട്ടകങ്ങളെയും വളർത്തുന്നതിനായി കാർഷിക അതോറിറ്റി ഔദ്യോഗികമായി അനുവദിച്ച സ്ഥലങ്ങൾ ചിലർ അനധികൃതമായി കൈവശപ്പെടുത്തി പക്ഷിവളർത്തലിന് ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഇത് സർക്കാർ ഭൂമിയുടെ കൈയേറ്റവും ഔദ്യോഗികമായി സ്ഥലം അനുവദിക്കപ്പെട്ടവരുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകം
സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. അനധികൃതമായി ഒരു സ്ഥലത്ത് താമസമോ പ്രവർത്തനമോ ആരംഭിച്ചതുകൊണ്ട് ആ ഭൂമിയിൽ നിയമപരമായ അവകാശം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഭൂമിയും മറ്റുള്ളവരുടെ അവകാശങ്ങളും നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്ക് എതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മരുഭൂമി പ്രദേശങ്ങളിലെയും പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിലെയും നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.





