
Careless Vehicle Door Opening ദോഹ: ഖത്തറിൽ വാഹനങ്ങളുടെ ഡോർ അശ്രദ്ധമായി തുറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. റോഡിലെ സുരക്ഷ ഉറപ്പാക്കാതെ വാഹനത്തിന്റെ ഡോർ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നവർക്ക് 500 ഖത്തർ റിയാൽ ഒത്തുതീർപ്പ് തുക നൽകേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2026-ലെ പുതിയ ട്രാഫിക് നിയമം നമ്പർ 19-ലെ ആർട്ടിക്കിൾ 94 പ്രകാരമാണ് ഈ വ്യവസ്ഥ. വാഹനത്തിന്റെ ഡ്രൈവർമാരും യാത്രക്കാരും ഡോർ തുറക്കുന്നതിനും അടയ്ക്കുന്നതിനും മുമ്പ് റോഡിൽ വാഹനങ്ങളോ മറ്റ് യാത്രക്കാരോ വരുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോഴും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിയമം നിർദേശിക്കുന്നു.
നടപ്പാതയോട് ചേർന്ന വശത്തുകൂടി ഇറങ്ങണം
സാധ്യമാകുന്ന സാഹചര്യങ്ങളിൽ വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും നടപ്പാതയോട് ചേർന്ന വശത്തുകൂടിയായിരിക്കണം. തിരക്കേറിയ റോഡുകളിൽ വാഹനത്തിന്റെ ഡോർ പെട്ടെന്ന് തുറക്കുന്നത് പിന്നിലൂടെ വരുന്ന വാഹനങ്ങൾക്കും സൈക്കിൾ, മോട്ടോർ സൈക്കിൾ യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്.
500 ഖത്തർ റിയാൽ ഒത്തുതീർപ്പ് തുക
ആർട്ടിക്കിൾ 94 പ്രകാരമുള്ള നിയമലംഘനങ്ങൾക്ക് 500 ഖത്തർ റിയാലാണ് ഒത്തുതീർപ്പ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് ഡ്രൈവർമാരോടും യാത്രക്കാരോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.





