
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമായ വാർത്ത. ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന സൗകര്യങ്ങളും മുൻകൂട്ടി പൂർത്തിയാക്കേണ്ട നടപടികളും സംബന്ധിച്ച് അധികൃതർ നിർദേശങ്ങൾ നൽകി. അവധിക്കാലവും സ്കൂൾ അവധിയും അടുത്തുവരുന്ന സാഹചര്യത്തിൽ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. വിമാനത്താവളങ്ങളിലെ തിരക്കും അനാവശ്യ കാത്തിരിപ്പും ഒഴിവാക്കാൻ യാത്രയ്ക്ക് മുമ്പുതന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം.
എയർ സുവിധ ഫോം നിർബന്ധം
ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം (Air Suvidha Self-Declaration Form) പൂരിപ്പിക്കണം. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ, ഒസിഐ കാർഡ് ഉടമകൾ, വിദേശ പാസ്പോർട്ട് കൈവശമുള്ളവർ എന്നിവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്.
വിമാനത്താവളത്തിലെത്തിയ ശേഷം ഫോം പൂരിപ്പിക്കാൻ കാത്തുനിൽക്കാതെ യാത്രയ്ക്ക് മുമ്പുതന്നെ ഓൺലൈനായി നടപടികൾ പൂർത്തിയാക്കുന്നതാണ് ഉചിതം.
ഔദ്യോഗിക വെബ്സൈറ്റ്: https://airsuvidha.civilaviation.gov.in
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ; ക്യൂ ഒഴിവാക്കാം
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകളിൽ യോഗ്യരായവർക്കും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) പ്രയോജനപ്പെടുത്താം. ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ വഴി വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും.
ഇതിനായി യാത്രക്കാർ ചെയ്യേണ്ടത്:
- ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക.
- വിരലടയാളം, മുഖം എന്നിവയുടെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതുവരെ കാത്തിരിക്കുക.
- യാത്രയ്ക്കിടെ സാധുവായ പാസ്പോർട്ടും ബോർഡിങ് പാസും കൈവശം സൂക്ഷിക്കുക.
അംഗീകാരം ലഭിച്ചവർക്ക് വിമാനത്താവളത്തിലെ ഇ-ഗേറ്റുകളിൽ പാസ്പോർട്ടും ബോർഡിങ് പാസും സ്കാൻ ചെയ്ത് ബയോമെട്രിക് പരിശോധനയിലൂടെ ഇമിഗ്രേഷൻ പൂർത്തിയാക്കാം.
രജിസ്ട്രേഷൻ ലിങ്ക്: https://ftittp.mha.gov.in/fti/signUp
ഈ സേവനം സൗജന്യമാണ്. രജിസ്ട്രേഷനായി ഏജന്റുമാരുടെ സഹായം ആവശ്യമില്ല. എന്നാൽ അപേക്ഷ സമർപ്പിച്ചതുകൊണ്ട് മാത്രം ഇ-ഗേറ്റ് ഉപയോഗിക്കാൻ കഴിയില്ല. ബയോമെട്രിക് നടപടികൾ പൂർത്തിയാക്കി അംഗീകാരം ലഭിച്ചിരിക്കണം.
യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ യാത്രക്കാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- പാസ്പോർട്ട്, ആവശ്യമായ വിസ, ബോർഡിങ് പാസ് എന്നിവ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക.
- ഇമിഗ്രേഷൻ കൗണ്ടറിലെത്തുന്നതിന് മുമ്പ് സൺഗ്ലാസ്, ഹെഡ്ഗിയർ, ഹെഡ്ഫോൺ എന്നിവ മാറ്റിവയ്ക്കുക.
- ഇ-ഗേറ്റുകളിൽ പ്രദർശിപ്പിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
- ഇ-ഗേറ്റ് വഴി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായം തേടുക.
വിദേശ പാസ്പോർട്ട് ഉടമകൾ ശ്രദ്ധിക്കുക
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പാസ്പോർട്ട് ഉടമകൾക്ക് അധിക നടപടികളുണ്ട്. ഇന്ത്യയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ ഇ-അറൈവൽ കാർഡ് (e-Arrival Card) ഓൺലൈനായി സമർപ്പിക്കണം. ഒസിഐ കാർഡ് ഉടമകൾക്കും ഈ നിബന്ധന ബാധകമാണ്.
ഇതിനു പുറമേ എയർ സുവിധ ഫോമും പൂർത്തിയാക്കണം. ആദ്യമായി ഇ-വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ പ്രത്യേക കിയോസ്കുകളിൽ ബയോമെട്രിക് രജിസ്ട്രേഷൻ ആവശ്യമായി വരും.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മുൻകൂട്ടി ഈ നടപടികൾ പൂർത്തിയാക്കുന്നത് വിമാനത്താവളത്തിലെ തിരക്കും അനാവശ്യ കാലതാമസവും കുറയ്ക്കാൻ സഹായിക്കും. ഔദ്യോഗിക വെബ്സൈറ്റുകൾ വഴി തന്നെ നടപടികൾ പൂർത്തിയാക്കാനും യാത്രാ രേഖകൾ മുൻകൂട്ടി തയ്യാറാക്കാനും ശ്രദ്ധിക്കണം.





