
ടെഹ്റാൻ: അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങിയാൽ തന്നെ കൊലപ്പെടുത്താൻ പോലും സാധ്യതയുണ്ടെന്ന് സ്കൂൾ അധികൃതരോട് ഭയം തുറന്നുപറഞ്ഞ 16കാരിക്ക് ഒടുവിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷായിലാണ് സൊഗന്ദ് സയ്യാദി എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് വീണാണ് പെൺകുട്ടി മരിച്ചത്. പിതാവ് കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന ഗുരുതര ആരോപണവുമായി മനുഷ്യാവകാശ സംഘടനയായ ഹെൻഗാവ് രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം 15നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒരു വിവരം അറിഞ്ഞതിനെത്തുടർന്ന് റസ്‌വാൻ ഗേൾസ് ഹൈസ്കൂൾ അധികൃതർ പിതാവിനെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്കൂളിൽവെച്ച് സഹപാഠികളുടെയും ജീവനക്കാരുടെയും മുന്നിൽവച്ച് പിതാവ് സൊഗന്ദിനെ ക്രൂരമായി മർദിച്ചതായും ആരോപണമുണ്ട്. സ്കൂളിന് പുറത്തും മർദനം തുടർന്നതായും പെൺകുട്ടിയുടെ തല ഭിത്തിയിൽ ആവർത്തിച്ച് ഇടിച്ചതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് സൊഗന്ദ് സ്കൂൾ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്ന ആരോപണം സംഭവത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് മർദനത്തിന് പിന്നിലെ കാരണമെന്നും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പലിനെയും ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രണയബന്ധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചതെന്ന ആരോപണം പ്രിൻസിപ്പൽ നിഷേധിച്ചിട്ടുണ്ട്.
മകളുടെ വിദ്യാഭ്യാസ രേഖകൾ വാങ്ങാനും ഗിലാൻ-ഇ ഗർബ് പട്ടണത്തിലെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്കുമായാണ് പിതാവ് സ്കൂളിലെത്തിയതെന്നാണ് കെർമാൻഷാ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം അന്വേഷണത്തിലാണ്.
മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന് സൊഗന്ദ് വർഷങ്ങളായി പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മയുമായി ബന്ധപ്പെടുന്നതിൽനിന്ന് പിതാവ് മകളെ വിലക്കിയിരുന്നതായും ആരോപണമുണ്ട്.
കൗമാരക്കാരിയുടെ മരണത്തിൽ ഉയർന്ന ആരോപണങ്ങൾ ഇറാനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുടുംബാതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.





