
Al Shabrawi Restaurant in Qatar Shut Down ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ ഒരു റസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ഉമ്മുസലാൽ മുനിസിപ്പാലിറ്റിയിലെ അൽ ശബ്രാവി റസ്റ്റോറന്റാണ് ഏഴ് ദിവസത്തേക്ക് അടച്ചത്. ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നവംബർ 24 മുതൽ ഏഴ് ദിവസത്തേക്കാണ് റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടത്. മനുഷ്യോപയോഗത്തിനുള്ള ഭക്ഷണത്തിന്റെ നിയന്ത്രണം സംബന്ധിച്ച നിയമവും അതിന്റെ ഭേദഗതികളും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തിയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഖത്തറിലെ ഭക്ഷണശാലകളിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റസ്റ്റോറന്റുകൾ, കഫേകൾ, മറ്റ് ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങൾ എന്നിവ ശുചിത്വ ചട്ടങ്ങളും ഭക്ഷ്യനിയന്ത്രണ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.