
Qatar to Expand Weather Monitoring Network ദോഹ: കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കുന്നതിനും പ്രവചനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ ശൃംഖല വിപുലീകരിക്കുന്നു. നിലവിൽ രാജ്യത്ത് 38 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും 75 മഴമാപിനികളും സമുദ്രപരിധിക്കുള്ളിൽ മൂന്ന് സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഇതിനുപുറമെ 10 പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും അധികൃതർ അറിയിച്ചു.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ മന്നായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളിലും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിലും കാലാവസ്ഥാ ഗവേഷണത്തിലും പ്രവചന സേവനങ്ങളിലും കൈവരിച്ച പുരോഗതി അദ്ദേഹം വിശദീകരിച്ചത്.
10 പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ കൂടി
നിലവിലുള്ള നിരീക്ഷണ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 10 പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിലൂടെ ഇതുവരെ പരിമിതമായ നിരീക്ഷണം മാത്രമുണ്ടായിരുന്ന പ്രദേശങ്ങളിൽനിന്നും തത്സമയ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യതയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥാ പ്രവചനത്തിൽ നിർമിതബുദ്ധിയും
കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിർമിതബുദ്ധി (AI) കൂടുതൽ പ്രയോജനപ്പെടുത്തുന്നുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ, കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സംഖ്യാത്മക കാലാവസ്ഥാ പ്രവചന മാതൃകകൾ എന്നിവ സംയോജിപ്പിച്ചാണ് വിശകലനം നടത്തുന്നത്.
എന്നാൽ സാങ്കേതികവിദ്യയ്ക്കൊപ്പം കാലാവസ്ഥാ വിദഗ്ധരുടെ അനുഭവപരിചയവും നിർണായകമാണെന്ന് അൽ മന്നായി വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി കാലാവസ്ഥയിലെ മാറ്റങ്ങൾ മനസ്സിലാക്കുന്നതിൽ വിദഗ്ധരുടെ പങ്ക് പ്രധാനമാണ്.
മുന്നറിയിപ്പ് സംവിധാനവും ശക്തമാക്കും
രാജ്യത്തെ ബാധിക്കാനിടയുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. പ്രത്യേക സംഘങ്ങൾ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത് മുന്നറിയിപ്പ് നൽകേണ്ട സാഹചര്യമുണ്ടോയെന്ന് വിലയിരുത്തും. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുമായി വിവരങ്ങൾ പങ്കുവെച്ച് വേഗത്തിലുള്ള നടപടികൾ ഉറപ്പാക്കും.
വിമാനയാത്രാ സുരക്ഷയ്ക്കും കാലാവസ്ഥാ വകുപ്പ് നിർണായക സേവനങ്ങൾ നൽകുന്നുണ്ട്. കാറ്റിന്റെ വേഗത, മേഘങ്ങളുടെ ഉയരം, അന്തരീക്ഷത്തിലെ പ്രക്ഷുബ്ധത തുടങ്ങിയ വിവരങ്ങൾ വ്യോമഗതാഗത വിഭാഗങ്ങൾക്കും വിമാനക്കമ്പനികൾക്കും കൈമാറുന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി ചേർന്ന് പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കാലാവസ്ഥാ റഡാർ സേവനങ്ങൾ നവീകരിക്കുക, ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക എന്നിവയും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നു.
കാലാവസ്ഥാ സാഹചര്യം പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റിനുള്ളിൽ പോലും മാറാമെന്നും അതിനാൽ ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം ആശ്രയിക്കണമെന്നും അൽ മന്നായി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.





