ഇനി 10 മുതല്‍ 20 മിനിറ്റുകൊണ്ട് ദുബായില്‍നിന്ന് അബുദാബിയിലേക്കെത്താം. 2025 അവസാനത്തോടെ പറക്കും ടാക്സി (എയര്‍ ടാക്സി) സേവനം രാജ്യത്ത് ആരംഭിക്കും. നിലവിൽ 60 – 90 മിനിറ്റാണ് ദുബായ് – അബുദാബി യാത്രയ്ക്ക് വേണ്ടിവരുന്നത്.

വർഷാവസാനത്തോടെ ‘മിഡ്നൈറ്റ്’ എയർടാക്സികൾ യുഎഇയിലെത്തും. ഈ വർഷം സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ആർച്ചർ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഇതോടെ മധ്യപൂർവദേശത്ത് ഈ സേവനം ആരംഭിക്കുന്ന ആദ്യ നഗരമാകും അബുദാബി. 800 മുതൽ 1500 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
ദുബായ്ക്കകത്തുള്ള എയർ ടാക്സി യാത്രയ്ക്ക് ഏകദേശം 300 – 350 ദിർഹമാകും. യാത്ര മറ്റ് എമിറേറ്റിലേക്കാണെങ്കിൽ നിരക്ക് 800 ദിർഹത്തിന് മുകളിലുമായിരിക്കും. ദൂരം അനുസരിച്ചാണ് നിരക്ക് കണക്കാക്കുക. നിലവിൽ കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദൂരമാണ് പറക്കും ടാക്സി 10 – 20 മിനിറ്റിൽ പിന്നിടുന്നത്. വർഷാവസാനത്തോടെ പരിശീലന പറക്കൽ പൂർത്തിയാക്കി ഹ്രസ്വദൂര സർവീസ് ആരംഭിക്കാനാണ് നീക്കം. 2026ഓടെ എല്ലാ പ്രധാന എമിറേറ്റുകളിലേക്കും സേവനം തുടങ്ങും. പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ച് പേർക്ക് സഞ്ചരിക്കാനാകും. ഭൂമിയിൽനിന്ന് 500 – 3000 മീറ്റർ ഉയരത്തിലാണ് ഇവ പറക്കുക.
