നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍: വിശദാംശങ്ങൾ ചുവടെ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്‌റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍, തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതിക്ക് ജീവന്‍ നഷ്ടമായത്.

ഇവരുടെ മകനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തുന്ന വിവരം വൈകിയാണ് പോലീസിനെ അറിയിച്ചതെന്നായിരുന്നു വിമര്‍ശനം. കേസില്‍ അറസ്റ്റ് ഉള്‍പ്പടെ തനിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരിന്നത്.

എന്നാല്‍, കേസ് പരിഗണിക്കുന്നതിന് മുമ്പുതന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ പരിസരത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ അദ്ദേഹത്തിന്റെ സുരക്ഷ ജീവക്കാര്‍ ശ്രമിച്ചതോടെ ഈ മേഖലയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഈ സംഭവത്തില്‍ ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയ്യേറ്റര്‍ ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബിഎന്‍സ് സെക്ഷന്‍ 105, 118 (1) എന്നിവ അടിസ്ഥാനമാക്കിയാണ് കേസ്.

കേസില്‍ തിയ്യേറ്റര്‍ സീനിയര്‍ മാനേജറും ഒരു ജീവനക്കാരനും അറസ്റ്റിലായിരുന്നു. അതിനിടെ യുവതിയുടെ മരണവാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയ അല്ലു അര്‍ജുന്‍ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version