Uae rent;അബുദാബി: ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികളക്കം നല്ലൊരു ശതമാനം പേരും വീടോ അപ്പാർട്ട്‌മെന്റോ വാടകയ്ക്കെടുത്തായിരിക്കും താമസിക്കുന്നത്. വീട്ടുവാടക അനുസരിച്ചായിരിക്കും മിക്കവരും ഓരോ മാസത്തെയും ജീവിതച്ചെലവുകൾ ക്രമീകരിക്കുന്നതുതന്നെ. ഇങ്ങനെ താമസിക്കുന്നവർ പുതിയ വാടക സൂചിക പ്രകാരം വീട്ടുടമസ്ഥർക്ക് എത്ര ശതമാനംവരെ വാടക വർദ്ധിപ്പിക്കാൻ കഴിയുമെന്നതുകൂടി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ദുബായിൽ ഒരു പ്രത്യേക പ്രദേശത്ത് വാടകയ്ക്ക് എടുത്ത വസ്തുവകകളുടെ ശരാശരി വാടക വർദ്ധനവിനെ ആശ്രയിച്ചാണ് മൊത്ത വാടക വർദ്ധനവ് ശതമാനം നിർണയിക്കുന്നത്.
- യഥാർത്ഥ പ്രോപ്പർട്ടി യൂണിറ്റിന്റെ വാടക സമാന യൂണിറ്റുകളുടെ ശരാശരി വാടക മൂല്യത്തേക്കാൾ 10 ശതമാനം വരെ കുറവാണെങ്കിൽ വാടക വർദ്ധനവ് ഉണ്ടാകില്ല.
- സമാന യൂണിറ്റുകളുടെ ശരാശരി വാടക മൂല്യത്തേക്കാൾ 11 ശതമാനം മുതൽ ഇരുപത് ശതമാനം വരെ വാടക കുറവാണെങ്കിൽ, യഥാർത്ഥ പ്രോപ്പർട്ടി യൂണിറ്റിന്റെ വാടക അഞ്ച് ശതമാനം വർദ്ധിപ്പിക്കാം.
- സമാന യൂണിറ്റുകളുടെ ശരാശരി വാടക മൂല്യത്തേക്കാൾ 21 ശതമാനം മുതൽ 30 ശതമാനം വരെ വാടക കുറവാണെങ്കിൽ യഥാർത്ഥ പ്രോപ്പർട്ടി യൂണിറ്റിന്റെ വാടകയുടെ 10 ശതമാനം വർദ്ധിപ്പിക്കാം.
- സമാന യൂണിറ്റുകളുടെ ശരാശരി വാടക മൂല്യത്തേക്കാൾ 31 ശതമാനം മുതൽ 40 ശതമാനം വരെ വാടക കുറവാണെങ്കിൽ യഥാർത്ഥ പ്രോപ്പർട്ടി യൂണിറ്റിന്റെ വാടകയുടെ 15 ശതമാനം വർദ്ധിപ്പിക്കാം.
- സമാന യൂണിറ്റിന്റെ ശരാശരി വാടക മൂല്യത്തേക്കാൾ 40 ശതമാനത്തിൽ കൂടുതൽ വാടക കുറവാണെങ്കിൽ യഥാർത്ഥ പ്രോപ്പർട്ടി യൂണിറ്റിന്റെ വാടകയുടെ 20 ശതമാനം വർദ്ധിപ്പിക്കാം.
ദുബായിലെ സമാന പ്രോപ്പർട്ടികളുടെ ശരാശരി വാടകയെയാണ് ശരാശരി വാടക മൂല്യം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (റേറ) അംഗീകരിച്ച “ദുബായ് എമിറേറ്റിന്റെ വാടക സൂചിക” അനുസരിച്ചാണ് ശരാശരി വാടക മൂല്യം നിർണ്ണയിക്കുന്നത്.