ദുബൈ: മയക്കുമരുന്ന് കേസുകൾ വലിയ വിപത്താണ്. നാട്ടിലായാലും മറുനാട്ടിലായാലും. ഗൾഫ് നാടുകളിലെത്തുന്ന മലയാളി ചെറുപ്പക്കാരും അറിഞ്ഞോ അറിയാതെയോ ലഹരിയുടെ വലകളിൽ പെട്ടു പോകുന്നുണ്ട്. അതിഗുരുതരമായ പ്രത്യാഘാതമാണ് കാത്തിരിക്കുന്നതെന്നറിയാതെയാണ് പലരും ഇതിൽപ്പെടുന്നത്. അതും ചെറുപ്പക്കാർ.

കൂട്ടുകാരൻ പലഹാരമെന്നു പറഞ്ഞു തന്നയച്ചത്, നാട്ടിൽ നിന്ന് വരുമ്പോൾ മറ്റൊരാളെ സഹായിക്കാൻ വേണ്ടി വാങ്ങിവെച്ചത്, അറിയാതെ പെട്ടുപോയത് എന്നിങ്ങനെ പല രീതിയിലാണ് ആളുകൾ ഇവിടെ ലഹരിമരുന്ന് കേസുകളില്‍ കുടുങ്ങുന്നത്. പറഞ്ഞത് തെളിയിക്കാനായില്ലെങ്കിൽ വെറും വാക്കുകളോ ഒഴിവ് കഴിവുകളോ ഗൾഫ് നാടുകളിലെ നിയമസംവിധാനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ല. അത്രയും ശക്തവും പഴുതടച്ചതുമാണ് നടപടികൾ. അതേസമയം അപൂർവ്വം കേസുകൾ മറ്റുള്ളവരുടെ ചതിയിൽ പെടുന്നവരുമുണ്ട്.
നിയമസഹായം നൽകുന്നവർക്ക് മുന്നിലും പൊതുപ്രവർത്തകർക്ക് മുന്നിലും ചെറുപ്പക്കാർ ചെന്നുപെടുന്ന മയക്കുമരുന്ന് കേസുകൾ കൂടുന്നുവെന്നാണ് അനുഭവം. അപ്രതീക്ഷിതമായി പരിശോധനകളിൽ പിടിക്കപ്പെടുന്നവരുമുണ്ട്. ഉപയോഗത്തിന് മാത്രമായി പിടിക്കപ്പെടുന്നവർക്ക് വിൽപ്പനക്കാരുടെയത്ര കടുത്ത ശിക്ഷ ലഭിക്കില്ലെങ്കിലും ഭാവി തുലാസിലാകാൻ ഇതുമതി. നാടുകടത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ. മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികളാണ് എല്ലാ ഗൾഫ് രാജ്യങ്ങളും നടത്തുന്നത്. അത് മയക്കുമരുന്നിന്റെ വിപത്ത് തിരിച്ചറിഞ്ഞാണ്. ഓർക്കുക, തിരുത്താൻ അവസരമുണ്ട്. പക്ഷെ പിടിക്കപ്പെട്ടാൽ നിയമത്തിന്‍റെ വഴി കടുപ്പമുള്ളതാകും.
മയക്കുമരുന്ന് കേസുകളിൽ സാമൂഹിക പ്രവർത്തകർക്കായാലും ഇടപെടാൻ പരിമിതകളുണ്ട്. അതിന് പ്രധാന കാരണം അന്വേഷണത്തിന്റെയും നടപടികളുടെയും ഗൗരവമാണ്. അതുകൊണ്ട് മറ്റുള്ളവരാൽ ചതിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. നാട്ടിൽ നിന്ന് ചില മരുന്നുകൾ കൊണ്ടു വരുന്നതിൽ പോലും അതീവജാഗ്രതയും മുൻകൂട്ടി അനുമതിയും വേണം. അതിലുപരി ലഹരിയുടെ പിടിയിൽ പെടാതിരിക്കുക. പ്രവാസ ലോകത്ത് മലയാളിയുടെ സൽപ്പേര് കാലങ്ങളായി മുൻപേ കടന്നുപോയവർ അത്യധ്വാനം ചെയ്തുണ്ടാക്കിയതാണ്. ആ സൽപ്പേര് ഭാവിയിൽ വരുന്നവർക്ക് വേണ്ടി കൂടി കരുതി വെക്കേണ്ടതും കൈമാറേണ്ടതുമുണ്ട്.
