Driving liscense in uae:ദുബൈ: അടുത്തിടെ യുഎഇ അവതരിപ്പിച്ച പുതിയ ട്രാഫിക് നിയമം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിലും ഗതാഗത നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതിലും നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.

രാജ്യവ്യാപകമായി അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കര്‍ശനമായ പിഴകള്‍, പുതിയ സുരക്ഷാ നടപടികള്‍, കാര്യക്ഷമമായി നിയമം നടപ്പാക്കല്‍ എന്നിവ പുതുക്കിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നിയമം പാസ്സാക്കിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വാഹനമോടിക്കുന്നവരെയും കാല്‍നടയാത്രക്കാരെയും ഒരുപോലെ ബാധിക്കുമെന്നാണ് കരുതുന്നത്.
പുതിയ നിയമപ്രകാരം, വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അധികൃതര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനോ റദ്ദാക്കാനോ പുതുക്കാന്‍ വിസമ്മതിക്കാനോ ഉള്ള അധികാരമുണ്ടാകും. നിയമത്തിലെ ആര്‍ട്ടിക്കിള്‍ (12) ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്യാനോ റദ്ദാക്കാനോ കഴിയുന്ന മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കുന്നു, അതു പരിശോധിക്കാം:
ലൈസന്‍സ് ഉടമയ്ക്ക് വാഹനം ഓടിക്കാന്‍ യോഗ്യതയില്ലെന്നോ മെഡിക്കല്‍പരമായി യോഗ്യതയില്ലെന്നോ തെളിയിക്കപ്പെട്ടാല്‍, ലൈസന്‍സിംഗ് അതോറിറ്റിക്ക് ഏതെങ്കിലും ഡ്രൈവിംഗ് ലൈസന്‍സിന്റെയോ പെര്‍മിറ്റിന്റെയോ പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ റദ്ദാക്കാനോ നിരസിക്കാനോ കഴിയും. യോഗ്യതയുള്ളവരും ആരോഗ്യമുള്ളവരുമായ വ്യക്തികള്‍ക്ക് മാത്രമേ വാഹനമോടിക്കാന്‍ അനുവാദമുള്ളൂ എന്ന് ഉറപ്പാക്കിക്കൊണ്ട് റോഡ് സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്.
സുരക്ഷാ, ഗതാഗത സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി, ലൈസന്‍സിംഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്ക് ഏതൊരു ഡ്രൈവിംഗ് ലൈസന്‍സിന്റെയും സാധുത താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള അനുമതിയുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സുകളുടെയും പെര്‍മിറ്റുകളുടെയും പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും, ഡ്രൈവര്‍മാരെ വീണ്ടും വിലയിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ നിര്‍ണ്ണയിക്കും.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് നാല് പ്രധാന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നത്.
- അപേക്ഷകന് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
- അപേക്ഷകന്‍ ലൈസന്‍സിംഗ് അതോറിറ്റി നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കണം അല്ലെങ്കില്‍ അംഗീകൃത മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
- ലൈസന്‍സിംഗ് പ്രക്രിയയെ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ പാലിക്കണം.
- ലൈസന്‍സിംഗ് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും അധിക ആവശ്യകതകള്‍ നിറവേറ്റണ്ടി വന്നാല്‍ അതു പാലിക്കണം.
വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍
ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ ചുമത്തും. ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയോ ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍, ഡ്രൈവര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 20,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഒന്നോ ലഭിക്കും.
സസ്‌പെന്റ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ വാഹനമോടിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ അല്ലെങ്കില്‍ ഈ പിഴകളില്‍ ഏതെങ്കിലും ഒന്നോ ചുമത്തും.
താഴെ പറയുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നവര്‍ക്ക് തടവോ 20,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ലഭിക്കും.
- വ്യാജ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിച്ചാല്‍.
- ഒരു ലൈസന്‍സ് പ്ലേറ്റിലെ ഡാറ്റ വളച്ചൊടിക്കുകയോ ഇല്ലാതാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താല്‍.
- ഒരു ലൈസന്‍സ് പ്ലേറ്റ് മായ്ച്ചുകളഞ്ഞതോ, വികൃതമാക്കിയതോ, മാറ്റം വരുത്തിയതോ ആണെന്ന് അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ അത് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍.
- ലൈസന്‍സിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ലൈസന്‍സ് പ്ലേറ്റ് മാറ്റിയാല്‍.