Dubai traffic alert;ദുബായ്: ഇന്ത്യ – ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ നനടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 9) ദുബായില്‍ ഗതാഗതക്കുരുക്കിന് സാധ്യത. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍ടിഎ) നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അറിയിച്ചത്. ദുബായിലെ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (ഇ 311), ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സത്തിന് സാധ്യതയുള്ളത്.

ഈ ഭാഗങ്ങളിലെ ഗതാഗത പ്രശ്നം യാത്രക്കാര്‍ മുന്‍കൂട്ടി ശ്രദ്ധിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ച ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് നടക്കുന്നത്.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും രാത്രി 8 മണി മുതല്‍ രാത്രി 11 മണി വരെയുമാണ് ഗതാഗതക്കുരുക്കിന് സാധ്യത. കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യാനും സുഗമമായ യാത്രയ്ക്കായി നേരത്തെ പുറപ്പെടാനും ആര്‍ടിഎ നിര്‍ദേശിച്ചു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ക്രിക്കറ്റ് ആരാധകരുടെ വന്‍ തിരക്കാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
2022 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ശ്രീലങ്കയുടെ വിജയത്തിന് ശേഷം ദുബായ് ആതിഥ്യമരുളുന്ന ആദ്യ ക്രിക്കറ്റ് ഫൈനലാണിത്. വിജയിക്കുന്ന ടീമിലെ ഓരോ അംഗത്തിനും ട്രോഫിക്കൊപ്പം ലഭിക്കുന്ന ഐക്കണിക് ‘വൈറ്റ് ജാക്കറ്റ്’ സ്വന്തമാക്കാന്‍ ഇരു ടീമുകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഫൈനല്‍ മത്സരത്തിലെ ടിക്കറ്റുകള്‍ നിമിഷ നേരം കൊണ്ടാണ് വിറ്റുപോയത്. അതേസമയം, ഫൈനല്‍ കാണാനെത്തുന്ന കായിക പ്രേമികള്‍ സ്റ്റേഡിയത്തിന്റെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് പോലിസ് ഓര്‍മപ്പെടുത്തി. മത്സരം കാണുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ദുബായ് പോലീസ് കാണികളെ ഓര്‍മ്മപ്പെടുത്തി. ഫൈനലിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി സ്ഥിരീകരിച്ചു.
ഫൈനലിന് ടിക്കറ്റ് ലഭിക്കാത്തവര്‍ക്കായി CricLife Max, CricLife Max2 വഴി ടിവിയില്‍ മത്സരം കാണാം. STARZPLAYയിലും ലൈവ് മത്സരം കാണാന്‍ അവസരം ലഭിക്കും. ദുബായിലുടനീളമുള്ള നിരവധി വേദികളില്‍ മത്സരം വലിയ സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബിസിനസ് ബേയിലെ ബ്ര്യൂ ഹൗസ്, ജെവിസിയിലെ സോള്‍ സെന്റ്, അല്‍ നഹ്ദയിലെ മഹി കഫേ, മന്‍ഖൂലിലെ ദി പെര്‍മിറ്റ് റൂം, ബര്‍ദുബായ് അല്‍ ഖിസൈസിലെ ഫ്രെഡ്ഡീസ് സ്‌പോര്‍ട്‌സ് ബാര്‍, കുവൈറ്റ് സ്ട്രീറ്റിലെ സിറ്റിമാള്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ഹഡ്ഡില്‍ സ്‌പോര്‍ട്‌സ് ബാര്‍ ആന്റ് ഗ്രില്‍, ശെയ്ഖ് സായിദ് റോഡിലെ ടിപ്‌സി ടിക്ക തുടങ്ങിയ സ്ഥാപനങ്ങളിലും ഗ്രൗണ്ടുകളിലും മത്സരം വലിയ സ്‌ക്രീനില്‍ കാണാം. ഇവയ്ക്കു പുറമെ വോക്‌സ് സിനിമാസ് തങ്ങളുടെ 18 കേന്ദ്രങ്ങളിലും മത്സരം ലൈവായി സംപ്രേഷണം ചെയ്യും.