അബുദാബി: അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ഈദ് അൽ ഫിത്തറിന് യുഎഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് യാത്രാ വിദഗ്ദ്ധർ. സ്കൂൾ അവധിക്കാലം കൂടി എത്തുന്നതിനാൽ രാജ്യത്തേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കും 20 ശതമാനത്തോളം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു.
‘ ഈ വർഷം മാർച്ച് 31ന് പിറ കാണുമെന്നാണ് പ്രതീക്ഷ. ഈ സമയങ്ങളിൽ രാജ്യത്തേക്കുള്ള ടിക്കറ്റ് ബുക്കിംഗ് 30 ശതമാനം വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, യുഎഇയിലെ സ്കൂളുകൾക്ക് മാർച്ച് 18 മുതൽ അവധി ആരംഭിക്കും. അതിനാൽ, യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. സ്വിറ്റ്സർലൻഡ്, ഇറ്റലി, ലാത്വിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, കെനിയ, സാൻസിബാർ, സിസ് രാജ്യങ്ങളായ ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളാണ് പലരും കുടുംബത്തോടെ യാത്രചെയ്യാൻ തിരഞ്ഞെടുക്കുന്നത് ‘, മുസാഫിർ ഡോട്ട് കോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രഹീഷ് ബാബു പറഞ്ഞു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനമാണ് യാത്രാ നിരക്കുകളിൽ ഉണ്ടായിരിക്കുന്നത്. ഈദ്, സ്കൂൾ അവധി കാരണം അവസാന നിമിഷ ബുക്കിംഗിന്റെ ആവശ്യകത വർദ്ധിച്ചതാണ് ഇതിന് കാരണം. കൂടാതെ യുഎഇയിലേക്ക് സഞ്ചാരികൾ എത്തുന്നതിന്റെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഈദ് ആഘോഷിക്കാനായി യുഎഇയിൽ താമസിക്കുന്ന പലരും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതും ഇതിന് കാരണമാണ്.
യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് കാരണം നിരവധി വിമാനക്കമ്പനികൾ ഫ്ലൈറ്റുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യാത്രാ നിരക്കിലുണ്ടാകുന്ന വർദ്ധനവ് ബാധിക്കുന്നത് നാട്ടിലെത്താനിരുന്ന പ്രവാസികളെയായിരിക്കും. ഇരട്ടിത്തുക കൊടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം.