
ഈദുൽ ഫിത്തർ: യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്… യുഎഇയില്‍ ഏറ്റവും തിരക്കേറിയ തീയതികൾ അറിയാം
ചെറിയ പെരുന്നാളിന് മുന്നോടിയായി ദുബായ് വിമാനത്താവളത്തില്‍ ഇനി തിരക്കേറും. ഈ കാലയളവിൽ ടെർമിനൽ 3 പ്രവേശന കവാടങ്ങൾക്ക് ചുറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ കാലതാമസം ഒഴിവാക്കാൻ യാത്രകൾക്കായി അധികസമയം ചെലവഴിക്കണമെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ടെർമിനൽ 3ൽ ഏറ്റവും തിരക്കേറിയ പുറപ്പെടൽ തീയതികൾ മാർച്ച് 28, 29 തീയതികളിലും ഏപ്രിൽ 5, 6 തീയതികളിലുമായിരിക്കും.

80,000ത്തിലധികം പ്രതിദിന യാത്രക്കാര്‍ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകുമെന്ന് എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാർ മൂന്ന് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിലെത്തുകയും ബോർഡിങ് സമയം ശ്രദ്ധിക്കുകയും വേണം. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ്, ആപ്പ്, സിറ്റി ചെക്ക്-ഇൻ, കിയോസ്‌ക്കുകൾ, മൊബൈൽ പോർട്ടുകൾ, ഹോം ചെക്ക്-ഇൻ സേവനങ്ങൾ എന്നിവയിലൂടെ യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാം.
പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് ബോർഡിങ് ഗേറ്റുകൾ അടയ്ക്കും. വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം പുറപ്പെടുന്നെന്ന് ഉറപ്പാക്കാൻ ചെക്ക്-ഇൻ, ഗേറ്റ് അടയ്ക്കൽ സമയം കർശനമായി പാലിക്കും. യാത്ര പുറപ്പെടുന്നതിന് 90 മിനിറ്റ് മുന്‍പ് യാത്രക്കാര്‍ പാസ്‌പോർട്ട് നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കണം. പ്രീമിയം ഇക്കണോമി അല്ലെങ്കിൽ ഇക്കണോമി ക്ലാസിൽ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ വിമാനയാത്രയ്ക്ക് 60 മിനിറ്റ് മുന്‍പ് ഗേറ്റിൽ എത്തണമെന്നും ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസിൽ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുറപ്പെടുന്നതിന് 45 മിനിറ്റ് മുന്‍പ് ഗേറ്റിൽ എത്തണമെന്നും നിർദേശിച്ചു.

Comments (0)