അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. അമ്മയ്ക്ക് ജോലി ഉണ്ടാവുകയും സാധുതയുള്ള റസിഡന്‍സി വിസ ഉണ്ടാവുകയും ചെയ്യണമെന്ന നിബന്ധനയോടെയാണിത്. ഇത്തരം കേസുകളില്‍ കുടുംബനാഥന് മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് അമ്മയുടെ കീഴിലേക്ക് മാറ്റി രാജ്യം എക്‌സിറ്റ് പെര്‍മിറ്റില്‍ രാജ്യം വിടാനാവും.
കുടുംബത്തലവനും അവരുടെ കുടുംബാംഗങ്ങളും നിയമലംഘനങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ അനുവാദമുണ്ട്. അനുവദിച്ച ഗ്രേസ് പിരീഡില്‍ സ്‌പോണ്‍സറായ കുടുംബനാഥന് പുതിയ വിസ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങളുടെ താമസം റദ്ദാക്കപ്പെടുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘനം നടത്തുന്ന തൊഴിലാളി അവരുടെ നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കരാര്‍ ബന്ധം തുടരുന്നതിനുള്ള സ്ഥാപിത നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും എമിറേറ്റൈസേഷന്റെയും ചാനലുകള്‍ വഴി തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് തൊഴിലുടമ അപേക്ഷിക്കണമെന്നും അതോറിറ്റി വിശദീകരിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിയമലംഘനം നടത്തുന്ന തൊഴിലാളി പുതിയ തൊഴിലുടമയ്ക്കായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ തൊഴിലുടമ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂസ് സേവനത്തിനായി അപേക്ഷിക്കണം. തൊഴിലാളി പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവര്‍ അതോറിറ്റിയുടെ സംവിധാനങ്ങള്‍ വഴി എക്‌സിറ്റ് പെര്‍മിറ്റ് സേവനത്തിനായി അപേക്ഷിക്കണം. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പ് കാലാവധിയുടെ ശേഷിക്കുന്ന ദിവസങ്ങള്‍ പ്രയോജനപ്പെടുത്താന്‍ റെസിഡന്‍സി നിയമ ലംഘകരോട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന ഗ്രേസ് പിരീഡ് നീട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നവംബര്‍ 1 മുതല്‍ നിയമലംഘകരെ പിടികൂടുന്നതിനും ഗ്രേസ് പിരീഡില്‍ സ്റ്റാറ്റസ് ക്രമീകരിച്ചിട്ടില്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനും തീവ്രമായ കാമ്പെയ്നുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രേസ് പീരീഡില്‍ പിഴയില്‍ നിന്നുള്ള ഇളവ്, രാജ്യം വിടുന്നവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരിച്ചുവരാനുള്ള അനുവാദം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിയമലംഘകര്‍ മുന്നോട്ടുവരണമെന്നും ഐസിപി വ്യക്തമാക്കി. പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടിക്കപ്പെടുന്നവരെ പ്രവേശന വിലക്കോടെയായിരിക്കും നാടുകകടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.