Expat death; പ്രവാസി വ്യവസായി കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ വധം: അന്വേഷണം വഴിമുട്ടുന്നു

പ്രവാസി വ്യവസായി കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ വധവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിമുട്ടുന്നു. മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീനയുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ അനുമതി ലഭിക്കുന്നില്ലെന്നതാണ് അന്വേഷണം വഴിമുട്ടുന്നത്. ചോദ്യം ചെയ്തതിന് പിന്നാലെ രണ്ട് പേര്‍ ഇതിനോടകം ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തതും അന്വേഷണത്തിന് തടസ്സമായി.

പൂച്ചക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍, മകന്‍ ഷമ്മാസ് എന്നിവരെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. രാജ്യം വിടാന്‍ പാടില്ലെന്ന് ഷമ്മാസിന് കര്‍ശനനിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. മൗവ്വല്‍ സ്വദേശിയായ ഉവൈസും അന്വേഷണസംഘത്തിന്‍റെ നിര്‍ദേശം വകവെയ്ക്കാതെ വിദേശത്തേക്ക് പോയി.

പ്രത്യേക അന്വേഷണസംഘത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് കൂടുതല്‍ പ്രതികളെ ചേര്‍ക്കാന്‍ അനുമതി ലഭിക്കാത്തത്. മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ്, ജിന്നുമ്മയുടെ സഹായി അസ്നിഫ, തട്ടിയെടുത്ത 596 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച ആയിഷ എന്നിവരാണ് കേസിൽ റിമാന്‍ഡിലുള്ളത്. ജിന്നുമ്മയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു.

സംഘത്തിലെ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതില്‍ ചിലര്‍ക്ക് വേഗത്തില്‍ വലിയ സമ്പാദ്യം ഉണ്ടായതായും ഡിവൈഎസ്പി കെജെ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ചിലരെ പ്രതി ചേര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും അതിനുള്ള അനുമതി പോലീസ് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചില്ല.

മൗവ്വല്‍ സ്വദേശി റാബിയ, മക്കളായ ഉവൈസ്, റയീസ് എന്നിവരെ ചോദ്യം ചെയ്തതില്‍ ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പറയത്തക്ക വരുമാനമൊന്നുമില്ലാത്ത ഇവര്‍ ആഡംബര വീടുണ്ടാക്കിയത് എങ്ങനെയെന്ന അന്വേഷണ സംഘത്തിന്‍റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഇവരെ പ്രതി ചേര്‍ക്കാനായി പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി അന്വേഷണ സംഘം കാത്തിരുന്നതോടെയാണ് ഷമ്മാസും ഉവൈസും രാജ്യം വിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version