Flight crash;ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്.

ബീച്ച് എഫ്90 കിങ് എയർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്‍റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിൽ നിന്നാണ് പൈലറ്റിന്‍റെയും സഹപൈലറ്റിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.
റോഡിലെ വാഹനങ്ങള്‍ക്കിടയിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഉടന്‍തന്നെ അഗ്നിഗോളമായി. സാവോ പോളോയിൽ നിന്ന് തെക്കൻ ബ്രസീലിലെ പോർട്ടോ അലെഗ്രെ നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിന്‍റെ ഭാഗങ്ങള്‍ ബസില്‍ ഇടിച്ചുകയറി ഒരു യാത്രക്കാരിക്കും യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടാതെ, അപകടസ്ഥലത്തുനിന്ന് നാലുപേരെ കൂടി നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മരിച്ച പൈലറ്റുകളില്‍ ഒരാളുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു വിമാനമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.