Flight crash; വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ജീവന്‍ നഷ്ടമായി. സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ് മരിച്ചത്. 74 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമായി യാത്ര ചെയ്ത എയര്‍ബസ് എ220-300 ജെറ്റ് വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഡിസംബര്‍ 23 ന് ബുചാറെസ്റ്റില്‍ നിന്ന് സുറിച്ചിലേക്ക് സഞ്ചരിക്കുന്നതിനിടെ എഞ്ചിൻ തകരാറുകൾ സംഭവിക്കുകയും കോക്പിറ്റിലും ക്യാബിനിലും പുക നിറയുകയും ചെയ്തതോടെയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഓസ്ട്രിയയിലെ ഗ്രാസിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചു.
“ഞങ്ങളുടെ യുവ സഹപ്രവർത്തകൻ തിങ്കളാഴ്ച ഗ്രാസിലെ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത് വളരെ ദുഃഖത്തോടും ഖേദത്തോടും കൂടി അറിയിക്കുന്നു,” സ്വിസ് എയര്‍ലൈന്‍സ് പ്രസ്താവനയിൽ അറിയിച്ചു. “സഹപ്രവർത്തകൻ്റെ മരണത്തിൽ തകർന്നിരിക്കുകയാണ്. ഞങ്ങളുടെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമാണ്, അവരുടെ വേദന ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സ്വിസിലെ എല്ലാവരുടെയും പേരിൽ ഞാൻ അവർക്ക് അനുശോചനം അറിയിക്കുന്നു,” സ്വിസ് ചീഫ് എക്‌സിക്യൂട്ടീവ് ജെൻസ് ഫെലിംഗർ പറഞ്ഞു.
വിമാനം അടിയന്തര ലാൻഡിങ് നടത്തിയശേഷം, ഒരു ക്യാബിൻ ക്രൂ അംഗത്തെ ഹെലികോപ്റ്ററിൽ ഗ്രാസിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ക്യാബിൻ ക്രൂ അംഗത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ലാന്‍ഡിങ് നടത്തിയശേഷം എല്ലാ യാത്രക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 12 പേര്‍ക്ക് ചികിത്സ നല്‍കി.