Flight ticket price ;ദുബായ്: വിമാനയാത്രികരെ, നിങ്ങളുടെ യാത്രാ ചെലവ് ഇനി ഉയരും. പുതുവര്‍ഷം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോഴാണ് പുതിയ അറിയിപ്പ്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പ സമ്മർദ്ദം, യാത്രയ്ക്കുള്ള ഉയര്‍ന്നുവരുന്ന ആവശ്യം എന്നിവയാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഗ്ലോബൽ ബിസിനസ് ട്രാവൽ അസോസിയേഷൻ്റെ റിപ്പോർട്ട് അനുസരിച്ച്, മിക്ക അന്താരാഷ്ട്ര റൂട്ടുകളിലും വിമാന നിരക്ക് 2% മുതൽ 14% വരെ വർധിക്കുമെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന സീസണുകളിൽ റെക്കോഡ് ഡിമാൻഡ് കാരണം ടിക്കറ്റ് നിരക്ക് ഉയർന്നു. ഏഷ്യ – പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളാണ്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൻ്റെ 20% – 30% വരുന്ന ഇന്ധനവിലയാണ് ഈ വർധനയുടെ പ്രധാന ഘടകം. എണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും 2025ലെ പ്രവചനങ്ങൾ 2020ന് മുന്‍പുള്ള നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ശരാശരി ചെലവ് സൂചിപ്പിക്കുന്നു. പ്രധാന വിപണികളിലെ പണപ്പെരുപ്പവും തൊഴിലാളി ക്ഷാമവും ആഗോളതലത്തിൽ എയർലൈനുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുന്നു.