
Gold Price in Uae – Kerala:ട്രംപിന്റെ താരിഫ് യുദ്ധത്തോടെ യുഎഇയിലെ സ്വര്‍ണവിലയില്‍ ഇടിവ്; മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും വില കുറഞ്ഞു; കേരളത്തിലെ നിരക്കുമായി താരതമ്യം
Gold Price in Uae – Kerala;യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് ഭീഷണിയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍, നേരത്തെ കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. മാര്‍ച്ചില്‍ റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താഴേക്ക് പോകുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ട്രംപിന്റെ പുതിയ ആഗോള താരിഫുകള്‍ മൂലം വിപണിയില്‍ വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് സ്വര്‍ണ്ണ വില രണ്ട് ശതമാനത്തിലധികം കുറഞ്ഞത്. സ്വര്‍ണ്ണം റെക്കോര്‍ഡ് ഉയരമായ 3,167.57 ഡോളറിലെത്തി മണിക്കൂറുകള്‍ക്കകമാണ് കുത്തനെയുള്ള ഇടിവ് ഉണ്ടായത്. അനിശ്ചിതത്വം കാരണം സ്വര്‍ണ്ണ വില ഉയരുന്ന പ്രവണതയുണ്ടെങ്കിലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകള്‍ എങ്ങനെ വില നിശ്ചയിക്കണമെന്ന് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.

നേരത്തെ കേരളത്തിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സ്വര്‍ണവിലയില്‍ വലിയ അന്തരമില്ല. ഏപ്രില്‍ ആദ്യ വാരം അവസാനിക്കുമ്പോള്‍ യുഎഇയില്‍ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന് 366.25 ദിര്‍ഹം ആണ് വില. ഇത് ഏകദേശം 8,528 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. കേരളത്തിലാകട്ടെ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ (ഏപ്രില്‍ ആറ്) വില ഏകദേശം 9066 രൂപയുമാണ്. അതായത് യുഎഇയിലെയും കേരളത്തിലെയും സ്വര്‍ണവിലയില്‍ കഷ്ടിച്ച് 500 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.
കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)
22 ക്യാരറ്റ്: 8,310
24 ക്യാരറ്റ്: 9,066
18 ക്യാരറ്റ്: 6,799
യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 339 (7,894)
24 ക്യാരറ്റ്: 366.25 (8,528)
18 ക്യാരറ്റ്: 277.4 (6,459)

Comments (0)