gpay new update ;ന്യൂഡല്‍ഹി: പണമയക്കാന്‍ ഇനി ടൈപ്പ് ചെയ്യാനോ സ്‌കാനറിനുവേണ്ടി കാത്ത് നില്‍ക്കുകയും വേണ്ട, നിങ്ങളുടെ ശബ്ദം മാത്രം മതിയാകും. ശബ്ദം നല്‍കികൊണ്ട് പണമയക്കാനുള്ള പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗ്ള്‍ പേ.

ഗൂഗ്ള്‍ പേയുടെ ഇന്ത്യയിലെ പ്രൊഡക്ട് മാനേജര്‍ ശരത് ബുലുസുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ‘ഭാസിനി’ എഐ പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ധാരണയായി. പ്രാദേശിക ഭാഷകളില്‍ പണമടയ്ക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം ഇതോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ നടത്താനും നിരക്ഷര്‍ക്കു പോലും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ഫീച്ചര്‍ പ്രവര്‍ത്തിക്കുക. പുതിയ എഐ ഫീച്ചറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല . ഉടന്‍ ഗൂഗ്ള്‍ പേ ആപ്പില്‍ ഫീച്ചര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും ഗൂഗ്ള്‍ പേ വഴിയുള്ള സൈബര്‍ കുറ്റകൃതൃങ്ങളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന നിര്‍ണായക പങ്ക് വഹിക്കാന്‍ പുതിയ Ai സവിശേഷതയ്ക്കാകുമെന്ന് അനുമാനിക്കാം.
ഇന്ത്യയിലെ യുപിഐ പേയ്‌മെന്റ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഗൂഗ്ള്‍ പേ, ഫോണ്‍ പേ വഴി പണമയക്കുന്നവരാണ്. ഇതില്‍ 2024 നവംബറിലെ കണക്കനുസരിച്ച് മൊത്തം യുപിഐ ഇടപാടുകളുടെ 37 ശതമാനം ഗൂഗ്ള്‍പേ വഴിയും 47.8 ശതമാനം ഫോണ്‍പേ മുഖേനയുമാണ്