
പ്രവാസിയുടെ വീടോ കെട്ടിടമോ വാടകയ്‌ക്കെടുത്തിട്ടുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പ്രവാസ ജീവിതം നോക്കുന്നവര്‍ ഭൂരിഭാഗവും നാട്ടിലെ വീട് വാടകയ്ക്ക് കൊടുക്കാറാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ പ്രവാസികളുടെ വീട് വാടകയ്ക്കെടുക്കുന്നവര്‍ പതിയിരിക്കുന്ന വില്ലനെ തിരിച്ചറിയാറില്ല.

നിശ്ചിത സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിക്കുന്നവര്‍, അല്ലെങ്കില്‍ കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിനിടെ 365 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുള്ളവരോ അല്ലെങ്കില്‍ നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ 60 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിട്ടുള്ളവരോ ആണ് എന്‍.ആര്‍.ഐ എന്ന് കണക്കാക്കുക. ഇന്ത്യയില്‍ നിന്ന് നേടുന്ന വരുമാനത്തിന് മാത്രമാണ് പ്രവാസികള്‍ ആദായ നികുതി അടയ്‌ക്കേണ്ടത്.
രാജ്യത്തുള്ള പ്രോപ്പര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന വാടക വരുമാനം ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടും. മുന്‍സിപ്പല്‍ ടാക്‌സുകളും മെയിന്‍റനന്‍സ് ആന്‍ഡ് റിപ്പയറിനുള്ള 30 ശതമാനം സ്റ്റാന്‍ഡേഡ് ഡിഡക്ഷനും കഴിഞ്ഞുള്ള വാടക വരുമാനത്തിനാണ് ടി.ഡി.എസ് ഈടാക്കുന്നത്. 1961ലെ ആദായ നികുതി നിയമം അനുസരിച്ച്, നിര്‍ദ്ദിഷ്ട സേവനങ്ങള്‍ക്കായി നടത്തുന്ന ഏതെങ്കിലും പേയ്‌മെന്‍റുകളില്‍ നിന്ന് ചില വ്യക്തികളോ സ്ഥാപനങ്ങളോ ടി.ഡി.എസ് കുറയ്ക്കണം.
ഇന്‍കം ടാക്‌സ് ആക്റ്റ് 195 പ്രകാരം 30 ശതമാനമാണ് പ്രവാസികളായ കെട്ടിട ഉടമയില്‍ നിന്ന് ടി.ഡി.എസ് പിടിക്കേണ്ടത്. ഇതിനൊപ്പം സര്‍ചാര്‍ജും മറ്റും ചേരുമ്പോള്‍ 31.2 ശതമാനം വരും. നാട്ടിലുള്ളവരുടെ കെട്ടിടമാണെങ്കില്‍ 50,000 രൂപയ്ക്ക് മുകളിൽ വാടക അടക്കുന്നെങ്കിലാണ് ടി.ഡി.എസ് പിടിക്കേണ്ടത്. 10 ശതമാനമാണ് ഇവിടെ ടി.ഡി.എസ്. എന്നാല്‍, പ്രവാസികള്‍ക്ക് ഇത് ബാധകമല്ല. എത്ര ചെറിയ തുകയാണെങ്കിലും 31.2 ശതമാനം ടി.ഡി.എസ് പിടിക്കണം. എന്‍.ആര്‍.ഐയുടെ പേരില്‍ നികുതി വകുപ്പില്‍ ഈ തുക അടയ്ക്കുകയും വേണം.
ഇതില്‍ വീഴ്ചവരുത്തിയാല്‍ പ്രവാസിയും വാടകക്കാരനും പിഴ അടക്കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ പ്രവാസികള്‍ തന്‍റെ വാടകക്കാരെ ആദ്യം തന്നെ ഇതേക്കുറിച്ച് ധരിപ്പിക്കണം. എച്ച്.ആര്‍.എ (House Rent Allowance/HRA) ക്ലെയിം ചെയ്യുന്ന ജീവനക്കാരാണെങ്കില്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്നവര്‍ക്ക് നോട്ടീസ് അയക്കുന്നുതായി വാര്‍ത്തകളുണ്ട്. ഇന്‍കം ടാക്‌സ് സ്‌റ്റേറ്റ്‌മെന്റില്‍ എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്ന, എന്നാല്‍ വാടക ടി.ഡി.എസ് ഫയല്‍ ചെയ്യാത്ത ജീവനക്കാര്‍ക്കാണ് ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കുന്നതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments (0)