Kochi to Dubai ship services;പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. നിരവധി കപ്പല്‍ സര്‍വീസ് കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചിരുന്നു എങ്കിലും രണ്ട് കമ്പനികളാണ് അന്തിമ ചുരുക്കപ്പട്ടികയിലുള്ളത്. കേരള മാരിടൈം ബോര്‍ഡ് ആണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട് കേന്ദ്രമായുള്ള ജബല്‍ വെഞ്ചറസ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ കേന്ദ്രമായുള്ള വൈറ്റ് ഷിപ്പിങ് എന്നീ കമ്പനികളാണ് ചുരുക്കപ്പട്ടികയില്‍. ഈ കമ്പനികളുമായി മാരിടൈം ബോര്‍ഡ് ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളി പ്രവാസികളുടെ യാത്രാ ക്ലേശത്തിനുള്ള പരിഹാരമാണ് തെളിയുന്നത്. വിമാന യാത്രാ കൂലി അടിക്കടി ഉയരുന്നത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിലാണ് യാത്രയും ചരക്കു കടത്തും ലക്ഷ്യമിട്ടുള്ള കപ്പല്‍ വരുന്നത്. തുറമുഖം, ഷിപ്പിങ്, ജലഗതാഗതം എന്നീ മന്ത്രാലയങ്ങളുമായും ഷിപ്പിങ് കോര്‍പറേഷനുമായും മാരിടൈം ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാധ്യതയുള്ള നിയമ പ്രശ്‌നങ്ങളിലുള്ള പരിഹാരമാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യ.
അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് കപ്പല്‍ സര്‍വീസ് കമ്പനികള്‍ സമര്‍പ്പിക്കുന്ന സാധ്യതാ പഠന റിപ്പോര്‍ട്ട് മാരിടൈം ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍വീസിന്റെ വിശദമായ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷമാകും ബാക്കി നടപടികള്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ എന്തൊക്കെ എന്ന് അറിയേണ്ടതുണ്ട്. ഇതിന് ശേഷമാകും കരാര്‍ നിലവില്‍ വരിക.
കരാര്‍ ഒപ്പുവച്ചാല്‍ മൂന്ന് മാസത്തിനകം സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് രണ്ട് കമ്പനികളും മാരിടൈം ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. നേരത്തെ കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് ദുബായിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഈ റൂട്ടില്‍ മാറ്റം വന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്നായിരിക്കും ദുബായിലേക്ക് സര്‍വീസ് തുടങ്ങുക.
ദുബായിലേക്കുള്ള യാത്രയ്ക്ക് 10000 രൂപയില്‍ താഴെയാകും ടിക്കറ്റ് നിരക്ക് എന്നാണ് സൂചനകള്‍. ടിക്കറ്റ് നിരക്ക് കൈപിടിയില്‍ ഒതുങ്ങുന്നതാണെങ്കില്‍ യാത്രാ സര്‍വീസ് വിജയിക്കുമെന്ന് ഉറപ്പാണ്. കാരണം, നിരവധി പ്രവാസികളാണ് യാത്രാ ക്ലേശം അനുഭവിക്കുന്നത്. വിമാനത്തില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ചരക്കുകള്‍ അനുവദിക്കുമെന്നതും പ്രവാസികളെ കപ്പലിലേക്ക് ആകര്‍ഷിക്കും. ദുബായ് യാത്രയ്ക്ക് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് പ്രതീക്ഷ. ടൂറിസം മേഖലയുടെ ഉണര്‍വിനും ഈ കപ്പല്‍ സര്‍വീസ് തുണയാകും.
കോഴിക്കോട് നിന്ന് ഗള്‍ഫിലേക്ക് ഒട്ടേറെ ചരക്കുകള്‍ അയക്കുന്നുണ്ട്. ഇതിന് വേണ്ടത്ര വിമാന സര്‍വീസില്ല എന്നത് വ്യാപാരികളുടെ ഏറെ കാലമായുള്ള പരാതിയാണ്. ഇതിനുള്ള പരിഹാരം കൂടിയാകും കപ്പല്‍ സര്‍വീസ്. ചെരുപ്പുകള്‍, കോഴിക്കോടന്‍ ഹല്‍വ ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍, കാര്‍ഷിക ഉള്‍പ്പന്നങ്ങള്‍ എന്നിവ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒരു തവണയുള്ള സര്‍വീസില്‍ 1200 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പലുകളാണ് പരിഗണനയിലുള്ളത്.