Posted By Ansa Staff Editor Posted On

16കാരിയെ വിവാഹം ചെയ്ത് മുങ്ങി; മലയാളി യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്

16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്‍റെ പിടിയിലായത്.

വധുവിന്‍റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസില്‍ യുവാവിനെ പോലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയി.

റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022ലായിരുന്നു വിവാഹം. കുറച്ചുദിവസത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് റിയാദിലെത്തി. പിന്നീട് ബന്ധുക്കളും വധുവും ചേർന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നൽകി. ഇന്‍റർപോളിന്‍റെ സഹായം തേടിയ കേരള പോലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു.

ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പടുവിച്ചതോടെ സൗദി ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഇന്നലെ രാത്രിയാണ് കേരളത്തിൽനിന്നെത്തിയ പോലീസ് സംഘത്തിന് സൗദി പോലീസ് പ്രതിയെ കൈമാറിയത്. അഞ്ചു ദിവസം മുൻപാണ് കേരള പൊലീസ് ഉദ്യോഗസ്ഥരായ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി സുന്ദരന്‍, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ റിയാദിൽ എത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *