മെട്രോ സ്റ്റേഷനുകളിൽ പുതിയ ദിശ ബോർഡുകൾ
എമിറേറ്റിലുടനീളമുള്ള മെട്രോ സ്റ്റേഷനുകളിലെ ദിശ ബോർഡുകളും അടയാളങ്ങളും നവീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ചെറിയ പെരുന്നാൾ അവധി ദിനങ്ങളിലാണ് യാത്രക്കാർക്ക് പ്രയാസകരമാവാത്ത രീതിയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്. സ്റ്റേഷനുള്ളിൽ എത്തുന്ന യാത്രക്കാർക്ക് നാവിഗേഷൻ കൂടുതൽ എളുപ്പവും ലളിതവുമാക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ദിശ ബോർഡുകൾ സ്ഥാപിച്ചതെന്ന് ആർ.ടി.എ അറിയിച്ചു.

സ്റ്റേഷനുകളുടെ എൻട്രൻസ്, എക്സിറ്റ് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ വ്യക്തമായി ദിശ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന മഞ്ഞ നിറത്തിലുള്ള ബോക്സോടുകൂടി ദിശ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമുകളിലെ തറകളിൽ പതിച്ചിരിക്കുന്ന പുതിയ സ്റ്റിക്കറുകൾ സ്റ്റേഷനുകളിൽ സുഗമമായി സഞ്ചരിക്കുന്നതിനും ശരിയായ ട്രെയിൻ ലൈനുകൾ കണ്ടെത്തുന്നതിനും യാത്രക്കാരെ സഹായിക്കും.
അതോടൊപ്പം എല്ലാ യാത്രക്കാർക്കും യാത്ര സുഗമമാക്കുന്നതിന് വിവിധ തരത്തിലുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകളും വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുന്ന അറിയിപ്പ് നൽകുന്നതാണ് മറ്റൊരു സ്റ്റിക്കർ. പ്ലാറ്റ്ഫോം നമ്പറുകൾ, ഡെസ്റ്റിനേഷൻ വിവരങ്ങൾ അടങ്ങിയ സൈൻ ബോർഡുകളും നവീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ എത്താൻ യാത്രക്കാർ ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് സൂചിപ്പിക്കുന്ന ദിശ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ ചില സ്റ്റേഷനുകളുടെ പേരുകൾ മാറ്റുമെന്ന് ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. ജൂൺ മുതലാണ് പുതിയ മാറ്റം. ഇതനസുരിച്ച് അൽ ഖൈൽ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് എന്നായി മാറും.

Comments (0)