New hand Baggae rules; വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ എളുപ്പത്തിലാക്കുകയും തിരക്കു കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ നടപടി. യാത്രികര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും ഇത് സമയലാഭം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന യാത്രികരുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയ വര്‍ധനവുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ബിസിഎഎസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും(സിഐഎസ്എഫ്) ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തില്‍ കുറച്ചു കൂടി കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്.
∙ പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
ഒരു ഹാന്‍ഡ്ബാഗ്– പുതിയ നിയമം അനുസരിച്ച് യാത്രികര്‍ക്ക് ഒരു ഹാന്‍ഡ് ബാഗോ കാബിന്‍ ബാഗോ മാത്രമേ കൂടെ കരുതാനാവൂ. ഇക്കോണമി/പ്രീമിയം ഇക്കോണമി ക്ലാസില്‍ ഇതിന്റെ ഭാരം ഏഴു കിലോഗ്രാമില്‍ കൂടാനും പാടില്ല. ബിസിനസ്/ഫസ്റ്റ് ക്ലാസില്‍ ഈ ഭാര പരിധി 10 കിലോഗ്രാമാണ്. ബാക്കിയെല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടി വരും.
ഹാന്‍ഡ് ബാഗിന്റെ വലിപ്പം- എത്ര വലിപ്പമുള്ള ഹാന്‍ഡ് ബാഗ് കൂടെ കരുതാമെന്ന കാര്യത്തിലും കൃത്യമായ നിര്‍ദേശമുണ്ട്. ഹാന്‍ഡ് ബാഗിന് പരമാവധി ഉയരം 55 സെന്റിമീറ്ററും നീളം 40 സെന്റിമീറ്ററും വീതി 20 സെന്റിമീറ്ററും മാത്രമേ പാടുള്ളൂ. സുരക്ഷാ പരിശോധന എളുപ്പത്തിലാക്കാനാണ് ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.
അധിക ബാഗിന് അധികപണം- യാത്രികര്‍ കൂടെ കരുതുന്ന ഹാന്‍ഡ് ബാഗിന്റെ വലിപ്പമോ ഭാരമോ നേരത്തെ പറഞ്ഞതില്‍ നിന്നും അധികമാണെങ്കില്‍ അധികം ബാഗേജ് ചാര്‍ജും യാത്രികര്‍ നല്‍കേണ്ടി വരും.
ഇളവ് 2024 മേയ് രണ്ടിനു മുമ്പ് ടിക്കറ്റ് എടുത്ത യാത്രികര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാവില്ല. അതുകൊണ്ട് ഇവര്‍ക്ക് തദ്ദേശീയ യാത്രകളില്‍ എട്ടു കിലോഗ്രാമും പ്രീമിയം ഇക്കോണമിയില്‍ 10 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 12 കിലോഗ്രാമും ഭാരമുള്ള സാധനങ്ങള്‍ കൂടെ കൂട്ടാം.
യാത്രികര്‍ക്കു കൂടെ കൂട്ടാവുന്ന ബാഗേജിന്റെ ഭാരത്തില്‍ നേരത്തെ തന്നെ എയര്‍ ഇന്ത്യ പോലുള്ള വ്യോമയാന കമ്പനികള്‍ കുറവു വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് പരമാവധി കോംപ്ലിമെന്ററി ബാഗേജ് 20 കിലോഗ്രാമില്‍ നിന്നും 15 കിലോയാക്കി എയര്‍ ഇന്ത്യ കുറച്ചത്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വരുത്തിയ പ്രധാന പരിഷ്‌കാരങ്ങളിലൊന്നായിരുന്നു അത്. നേരത്തെ 25 കിലോഗ്രാമായിരുന്ന കോംപ്ലിമെന്ററി ബാഗേജ് ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായതിനു ശേഷം 2022ല്‍ എയര്‍ ഇന്ത്യ 20 കിലോയാക്കി കുറച്ചിരുന്നു.