new name project; അബുദാബി: ‘നെയിം പദ്ധതി’, പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി. ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പേര് നോര്‍ക്ക അസിസ്റ്റന്‍റ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്‍റ് അഥവാ നെയിം എന്നാണ്.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളായവര്‍ക്ക് നാട്ടിലെ വിവിധ സംരംഭങ്ങളില്‍ തൊഴില്‍ കിട്ടുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് ഈ പദ്ധതി. പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം സര്‍ക്കാര്‍ നല്‍കും. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളായിരിക്കും തൊഴിലാളികള്‍. പ്രതിദിനം പരമാവധി 400 രൂപയാണ് നൽകുക.
ഒരു സ്ഥാപനത്തിൽ പരമാവധി 50 തൊഴിലാളികൾക്കാണ് വേജ് കോംപൻസേഷൻ ലഭിക്കുക. എല്ലാ സ്ഥാപനങ്ങള്‍ക്കും ആനുകൂല്യം കിട്ടും. ആനുകൂല്യങ്ങൾ ലഭിക്കാന്‍ ആദ്യം തൊഴിൽ ദാതാവ് നോർക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. തുടർന്ന്, മേൽപറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി മൂന്ന് മാസമായി ക്ലെയിം സമർപ്പിക്കാം. ഓരോ മൂന്നുമാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും ശമ്പളം വിതരണം ചെയ്യുക. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. നോർക്ക റൂട്ട്സിന്‍റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആനുകൂല്യം ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറുന്ന തൊഴിൽ ഉടമകൾക്ക് മാത്രമാകും കിട്ടുക. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടു വർഷം ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തിരിക്കണം. തൊഴിൽ വിസയില്ലാത്ത അല്ലെങ്കിൽ തിരികെ എത്തിയിട്ട് ആറുമാസം കഴിഞ്ഞവരെയാണ് തിരികെ വരുന്ന പ്രവാസികളായി കണക്കാക്കുന്നത്. പ്രായം 25നും 70നും മധ്യേയായിരിക്കണം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ ബാധകമല്ല. എങ്കിലും തൊഴിലിൻ്റെ സ്വഭാവം അനുസരിച്ച് യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.norkaroots.org, 0471-2770523 എന്ന നമ്പറില്‍ ബന്ധപ്പെടുക.