New uae traffic law;അബൂദബി: റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി കനത്ത പിഴയുള്‍പ്പെടെ യുഎ.ഇ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ട്രാഫിക് നിയമം (New UAE traffic law) ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നിയമലംഘനത്തിന് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം അരകോടി രൂപയ്ക്കടുത്ത്) പിഴ ലഭിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരിച്ച നിയമങ്ങളാണ് പ്രാബല്യത്തില്‍ വന്നത്.

നിയമത്തില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക:
ജയ്‌വാക്കിങ് (Jaywalking)
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് ക്രോസ് ചെയ്യുന്നത് ഉയര്‍ന്ന പിഴ ഈടാക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. നിലവില്‍ ഈ ലംഘനത്തിന് 400 ദിര്‍ഹം പിഴ ലഭിക്കും. എന്നാല്‍ പുതിയ നിയമപ്രകാരം ഈ കുറ്റകൃത്യം ഒരു വാഹനാപകടത്തില്‍ കലാശിച്ചാല്‍ ക്രോസ്‌ചെയ്തവര്‍ക്ക് തടവും 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും നേരിടേണ്ടിവരും.
80 കിലോമീറ്റര്‍ വേഗത പരിധിയോ അതില്‍ കൂടുതലോ വേഗതയുള്ള നിയുക്ത പ്രദേശങ്ങളില്‍ നിന്ന് ക്രോസ് ചെയ്യുന്നവര്‍ക്കുള്ള പിഴശിക്ഷ കൂടും. ഇത്തരക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഒന്ന് ലഭിക്കും.
മദ്യപിച്ച് വാഹനമോടിക്കല്‍
മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍ അല്ലെങ്കില്‍ അതുപോലുള്ളവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് 200,000 ദിര്‍ഹം വരെ പിഴ ശിക്ഷ ശുപാര്‍ശചെയ്യുന്നുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുകയോ വാഹനമോടിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നയാള്‍ക്ക് തടവും 20,000 ദിര്‍ഹത്തില്‍ കുറയാത്തതും 100,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒന്നോ ലഭിക്കും.
ആദ്യ കുറ്റത്തിന് ഒരാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തില്‍ കുറയാത്ത കാലയളവിലേക്കും രണ്ടാം തവണ ഒരു വര്‍ഷത്തേക്കും മൂന്നാമത്തെ കുറ്റകൃത്യത്തിന് ശേഷം എല്ലാ കാലത്തേക്കുമായി റദ്ദാക്കാനും ഈ നിയമം ശുപാര്‍ശചെയ്യുന്നു.
വാഹനാപകട വിവരങ്ങള്‍ നല്‍കാതിരിക്കല്‍
താഴെപ്പറയുന്ന പ്രവൃത്തികളില്‍ ഏതെങ്കിലും മനഃപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്തതും 100,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴ ശിക്ഷ ലഭിക്കും:
- വാഹനാപകടം സംഭവിക്കുമ്പോള്‍ നിര്‍ത്താതിരിക്കല്‍ (Hit and Run case).
- പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഒളിച്ചോടല്‍
- ഡ്യൂട്ടി നിര്‍വഹിക്കുന്ന ട്രാഫിക് വാഹനങ്ങള്‍, സൈനിക വാഹനങ്ങള്‍ എന്നിവയുമായി മനഃപൂര്‍വ്വം കൂട്ടിയിടിക്കല്‍
- തിരിച്ചറിയാത്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍
സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സ് ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടവര്‍ക്ക് മൂന്ന് മാസം വരെ തടവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഒന്നോ നല്‍കാം.
രാജ്യത്ത് അംഗീകരിക്കാത്ത വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഏതൊരാള്‍ക്കും ആദ്യ കുറ്റത്തിന് 2,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും.
ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒന്നും ലഭിക്കും.
- ശരിയായ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുകയോ വ്യത്യസ്ത തരം വാഹനങ്ങളുടെ ലൈസന്‍സ് ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് മൂന്ന് മാസം വരെ തടവും 20,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
- അശ്രദ്ധമൂലം മരണത്തിന് കാരണമാകല്‍
റോഡില്‍ ഒരാളുടെ മരണത്തിന് കാരണമാകുന്നയാള്‍ക്ക് തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും.
താഴെപ്പറയുന്ന വഷളാക്കുന്ന സാഹചര്യങ്ങളില്‍ കുറ്റകൃത്യം നടന്നാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ:
- റെഡ് സിഗ്‌നല്‍ മറികടക്കുക
- ലഹരി, മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവയുടെ സ്വാധീനത്തില്‍ വാഹനം ഓടിക്കുക
- സസ്‌പെന്‍ഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുക
- വെള്ളപ്പൊക്ക സമയത്ത് അത് ബാധിച്ച പ്രദേശങ്ങളില്‍ വാഹനമോടിക്കുക
- ലൈസന്‍സ് പ്ലേറ്റ് ദുരുപയോഗം ചെയ്യുക
താഴെപ്പറയുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്യുന്നയാള്‍ക്ക് തടവും/അല്ലെങ്കില്‍ 20,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും:
- ലൈസന്‍സ് പ്ലേറ്റ് വ്യാജമായി നിര്‍മ്മിക്കുകയോ അനുകരിക്കുകയോ ചെയ്യുക അല്ലെങ്കില്‍ വ്യാജമായതോ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിക്കുകയോ ചെയ്യുക
- ലൈസന്‍സ് പ്ലേറ്റിന്റെ ഡാറ്റ വളച്ചൊടിക്കുക, ഇല്ലാതാക്കുക അല്ലെങ്കില്‍ മാറ്റുക
- ലൈസന്‍സിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ലൈസന്‍സ് പ്ലേറ്റ് മാറ്റുക