നോല്‍ കാര്‍ഡുകള്‍ ഇനി കൈയില്‍ കൊണ്ടു നടക്കേണ്ട: പുതിയ സംവിധാനവുമായി യുഎഇ

നോല്‍ കാര്‍ഡുകള്‍ ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണിലെ വാലറ്റില്‍ സൂക്ഷിക്കാം. നോല്‍ കാര്‍ഡുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 40% പിന്നിട്ടതായി ആർടിഎ അറിയിച്ചു. അതിന്‍റെ ഭാഗമായി ഇനി നോൽ കാർഡിനു പകരം ബാങ്ക് കാർഡുകൾ ഉപയോഗിച്ചും പേയ്മെന്‍റ് പൂർത്തിയാക്കാം.

ഫോണിൽ കാർഡുകൾ ലിങ്ക് ചെയ്ത് അതുപയോഗിച്ച് യാത്ര സാധ്യമാകുന്ന സംവിധാനമാണ് നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഓരോരുത്തർക്കും ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങാം. അതിൽ, നോൽ കാർഡുകൾ ബന്ധിപ്പിക്കാം. നോൽ കാർഡ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് റീചാർജ് അടക്കമുള്ള കാര്യങ്ങൾ ഡിജിറ്റലായി പൂർത്തിയാക്കാവുന്നതാണ്.

പുതിയ ഡിജിറ്റൽ അക്കൗണ്ടിൽ കുടുംബത്തിലെ മറ്റുള്ളവരുടെ നോൽ കാർഡുകളും ലിങ്ക് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. ഓരോ കാർഡും ഒരൊറ്റ അക്കൗണ്ടിൽനിന്ന് തന്നെ റീ ചാർജ് ചെയ്യാം. ബാലൻസ് തീരുമ്പോൾ സ്വയം റീചാർജ് ചെയ്യാനുള്ള സംവിധാനവും അക്കൗണ്ടിലുണ്ട്. ഓരോ ദിവസത്തെയും പണമിടപാടുകളുടെ സ്റ്റേറ്റ്മെന്‍റ് എടുക്കാനും കാർഡുകൾ സസ്പെൻഡ് ചെയ്ത് ബാലൻസ് തിരിച്ചെടുക്കാനുമുള്ള സംവിധാനവും ഡിജിറ്റൽ അക്കൗണ്ടില്‍ ലഭ്യമാണ്.

പൊതുഗതാഗതത്തിലെ യാത്രയ്ക്ക് നോൽ കാർഡ് ഉപയോഗിച്ച് മാത്രമാണ് പണം നൽകിയിരുന്നത്. എന്നാല്‍, പുതിയ സംവിധാനത്തിൽ ക്യുആർ കോഡ്, ഡിജിറ്റൽ നോൽ കാർഡ്, ഫേഷ്യൽ റെക്കഗ്‌നിഷൻ, ഫിംഗർ പ്രിന്‍റ്, ബാങ്ക് കാർഡ്സ്, ഡിജിറ്റൽ വാലറ്റ് ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. സാധനം വാങ്ങാനും ഡിജിറ്റൽ നോൽ കാർഡ് ഉപയോഗിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version