അബ്‍ദുൾ റഹീമിന്‍റെ മോചനത്തിൽ ഒക്ടോബര്‍ 17 അതിനിർണായക ദിനം; പ്രതീക്ഷയോടെ മലയാളികൾ

സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്‍റെ കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

അതിന്മേലുള്ള തുടർ നടപടികൾക്കും മോചന ഹരജിയിൽ വാദം കേൾക്കാനുമാണ് ഒക്ടോബർ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്‍റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.

വാദി ഭാഗത്തിന് 15 മില്യണ്‍ റിയാലിന്‍റെ ദയാധനം നൽകിയതോടെ സ്വകാര്യ അവകാശമായിരുന്ന വധശിക്ഷ ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്സിന്മേലാണ് കോടതിയിൽനിന്ന് തീർപ്പുണ്ടാകേണ്ടത്. 18 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചതിനാൽ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 17 ഈ കേസിന് നിർണായക ദിനമാണ്.

കഴിഞ്ഞദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ അബ്‍ദുൾ റഹീമിന്‍റെ വക്കീൽ ഒസാമ അൽ അമ്പർ, റഹീമിന്‍റെ കുടുംബപ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഓഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ പറഞ്ഞു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങൾക്കും തൽക്കാലം ചെവിക്കൊടുക്കുന്നില്ലെന്നും സമിതി പറഞ്ഞു.

റഹീമിന്‍റെ മോചന ഉത്തരവ് കിട്ടിയാൽ ഉടൻ ജനകീയ സമിതി വിളിച്ചു തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നിൽ വിവരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്‍ദുൾ വല്ലാഞ്ചിറ, ഷക്കീബ് കൊളക്കാടൻ, സുരേന്ദ്രൻ കൂട്ടായി, മീഡിയ കൺവീനർ നൗഫൽ പാലക്കാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version