Affordable Homes in uae;പ്രവാസികള്‍ക്കും ആശ്വാസമാകും; ദുബായില്‍ കുറഞ്ഞ വിലയില്‍ പുതിയ വീടുകള്‍ ഒരുക്കുന്നു

Affordable Homes in uae;ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍ കുതിച്ചു ചാട്ടത്തിന് പരിഹാരമായി കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 17,000 ത്തിലേറെ ഭവന യൂണിറ്റുകള്‍ ഒരുക്കാന്‍ ദുബായ് ഭരണകൂടം. ദുബായ് എമിറേറ്റിൻ്റെ ആറു മേഖലകളിലായി വീടുകള്‍ നിര്‍മിക്കുന്നതിന് ഭൂമി അനുവദിക്കാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിൻ്റെ തീരുമാനം. ഇതിനായി 1.46 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമിയാണ് പലയിടങ്ങളിലായി അനുവദിച്ചത്.ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് 17,000 ത്തിലേറെ ചെറുകിട ഭവന യൂണിറ്റുകള്‍ വികസിപ്പിക്കുന്നതെന്ന് ശെയ്ഖ് ഹംദാന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അല്‍ മുയിസിം 1, അല്‍ തവാര്‍ 1, ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 5, അല്‍ ലിയാന്‍ 1 എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിലായി 17,080 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് നിര്‍മിക്കുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗരമെന്ന ദുബായിയുടെ സവിശേഷതയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ ഭവനപദ്ധതിയെന്നും ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു.

ഈ ചെറു ഭവനങ്ങള്‍ ദുബായിലെ വിദഗ്ധ പ്രഫഷനലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വദേശികള്‍ക്കെന്നപോലെ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൂടുതല്‍ ഊര്‍ജ്ജസ്വലമായ സമൂഹങ്ങളെ വികസിപ്പിക്കുക, സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ വരുമാനക്കാരായ താമസക്കാര്‍ക്കും ഗുണനിലവാരമുള്ള ഭവനങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ താങ്ങാനാവുന്ന വാടക നിരക്കില്‍ ലഭ്യമാവുമെങ്കിലും അവയിലെ സൗകര്യങ്ങള്‍ ഒരിക്കലും മോശമാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാന അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ഉള്‍പ്പെടെ മികച്ച രൂപകല്‍പനയിലാണ് പുതിയ വീടുകള്‍ വിഭാവന ചെയ്തിരിക്കുന്നത്.

സുപ്രീം കമ്മിറ്റി ഫോര്‍ അര്‍ബന്‍ പ്ലാനിംഗ് വിഭാഗത്തിൻ്റെ മേല്‍നോട്ടത്തില്‍, ദുബായ് ലാന്‍ഡ് ഡിപാര്‍ട്ട്മെൻ്റ്, ദുബായ് മുനിസിപ്പാലിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ്, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ ഭവന പദ്ധതി നടപ്പിലാക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version