parking fees in dubai;ദുബൈ എമിറേറ്റിലെ നാല് പ്രധാന സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് നിരക്ക് വർധിപ്പിച്ചു. അൽ സുഫൂഹ് 2, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ദുബൈ ഇൻറർനെറ്റ് സിറ്റി എന്നിവ ഉൾപ്പെടെ എഫ് എന്ന് രേഖപ്പെടുത്തിയ മേഖലകളിലാണ് പാർക്കിങ് ഫീസ് വർധന. ഫെബ്രുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി ദുബൈയിലെ പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ അറിയിച്ചു. 30 മിനിറ്റിന് ഒരു ദിർഹമിൽനിന്ന് രണ്ട് ദിർഹമായാണ് ഫീസ് വർധിപ്പിച്ചത്.
ഇതനുസരിച്ച് മണിക്കൂറിന് രണ്ട് ദിർഹമായിരുന്നത് നാലായി കൂടും.രണ്ട് മണിക്കൂറിന് എട്ടും മൂന്നു മണിക്കൂറിന് 12ഉം, നാല് മണിക്കൂറിന് 16 ഉം അഞ്ച് മണിക്കൂറിന് 20ഉം ആറ് മണിക്കൂറിന് 24ഉം ഏഴ് മണിക്കൂറിന് 28ഉം ഒരു ദിവസത്തേക്ക് 32 ദിർഹവുമാണ് നൽകേണ്ടത്. നേരത്തേ ഇത് മണിക്കൂറിന് രണ്ട്, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് എട്ട്, നാല് മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്ക്. കൂടാതെ ഈ മേഖലകളിൽ വാഹനം പാർക്ക് ചെയ്യാനുള്ള സമയം രാത്രി 10 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.