Probation Period in UAE;ദുബൈ: പുതിയ ജോലിയിലേക്ക് മാറുക എന്നത് പലപ്പോഴും നിങ്ങളുടെ കരിയറിലെ അനിശ്ചിതത്വം നിറഞ്ഞ ഒരു ഘട്ടമായിരിക്കാം – ജോലി നിങ്ങളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ എന്തുചെയ്യും? ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളോട് ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെടാമോ? നിങ്ങളുടെ ജോലിയുടെ ആദ്യ കുറച്ച് മാസങ്ങൾ ‘പ്രൊബേഷൻ കാലയളവ്’ ആണ്, അതായത് തൊഴിലുടമ നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം വിലയിരുത്തുന്ന സമയം, എന്നാൽ പ്രൊബേഷൻ സമയത്തും നിങ്ങൾക്ക് ചില അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് യുഎഇയിലെ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎഇയിലെ തൊഴിൽ നിയമം – 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 പ്രകാരം പ്രൊബേഷൻ എന്നത് തൊഴിലുടമയ്ക്ക് ആവശ്യമായ ഒരു കാലയളവാണ്. തൊഴിലാളിയുടെ പ്രകടനം നിരീക്ഷിക്കാനും അവരെ തൊഴിലിനായി പ്രാപ്തരാക്കാനും ഈ കാലയളവ് ഉപയോഗിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി തൊഴിൽ കരാർ തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്. നിങ്ങളുടെ പ്രൊബേഷൻ പിരീഡിൽ നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട ഏഴ് അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഇവ.

1. പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ കൂടുതലാകരുത്
നിങ്ങളുടെ പ്രൊബേഷൻ കാലയളവ് പരമാവധി ആറ് മാസം വരെ. ഇത് ആറുമാസത്തിനപ്പുറം നീട്ടാനാകില്ല. പ്രൊബേഷൻ പൂർത്തിയാക്കി നിങ്ങൾ കമ്പനിയിൽ ജോലിയിൽ തുടരുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം സേവന കാലയളവിൻ്റെ ഭാഗമായി പ്രൊബേഷൻ കാലയളവ് കണക്കാക്കും.
2. അസുഖ അവധി
പ്രൊബേഷനിലുള്ള ജീവനക്കാർക്കും അസുഖ അവധിക്ക് അർഹതയുണ്ട്, എന്നാൽ ശമ്പളമില്ലാത്ത അവധിയായിരിക്കും ലഭിക്കുക.
3. വാർഷിക അവധി
പ്രൊബേഷനിൽ ആയിരിക്കുമ്പോൾ തന്നെ നിങ്ങളുടെ വാർഷിക അവധി അലവൻസിൽ നിന്ന് ഒരു ഭാഗം നിങ്ങൾക്ക് ഉപയോഗിക്കാം, എന്നാൽ അവധിക്കുള്ള അഭ്യർത്ഥന തൊഴിലുടമ അംഗീകരിക്കണമെന്ന് മാത്രം. കാരണം തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 29 (3) പ്രകാരം അവധി അനുവദിക്കാതിരിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്.
4. പ്രൊബേഷൻ സമയത്ത് പിരിച്ചുവിട്ടാൽ
പ്രൊബേഷൻ കാലയളവിൽ കരാർ അവസാനിപ്പിക്കാൻ നിങ്ങളുടെ കമ്പനി തീരുമാനിക്കുകയാണെങ്കിൽ, യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 9 (1) അനുസരിച്ച്, കമ്പനി അധികൃതർ നിങ്ങൾക്ക് 14 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് നൽകണം.
5. രാജിവയ്ക്കാൻ നോട്ടീസ് നൽകേണ്ട കാലയളവ്
ജോലി വിടാനുള്ള കാരണങ്ങൾ ആശ്രയിച്ച്, നോട്ടീസ് കാലയളവിലും വ്യത്യാസങ്ങൾ വരും. യുഎഇയിലെ മറ്റൊരു കമ്പനിയിൽ ചേരുന്നതിന് നിങ്ങൾ ജോലി രാജിവയ്ക്കുകയാണെങ്കിൽ, ഒരു മാസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകേണ്ടതുണ്ട്. നിങ്ങൾ യുഎഇ വിടാൻ ആഗ്രഹിക്കുന്നതിനാൽ രാജിവയ്ക്കുകയാണെങ്കിൽ, തൊഴിലുടമയ്ക്ക് 14 ദിവസത്തെ നോട്ടീസ് നൽകണം.
6. ആവശ്യമായ നോട്ടീസ് പിരീഡ് നൽകിയില്ലെങ്കിൽ
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 9 (6) പ്രകാരം, നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ യുഎഇയിൽ നിന്ന് പുറത്തുപോകുന്ന ഒരു തൊഴിലാളിക്ക്, യാത്രാ തീയതി മുതൽ ഒരു വർഷത്തേക്ക് യുഎഇയിൽ ജോലി ചെയ്യുന്നതിനുള്ള വർക്ക് പെർമിറ്റ് നൽകില്ല.
അതേസമയം, 2022 ലെ മന്ത്രിതല ഉത്തരവ് നമ്പർ 1 ലെ ആർട്ടിക്കിൾ 28 (2) പ്രകാരം, തൊഴിൽ നിരോധനം നേരിടാത്ത ചില വിഭാഗങ്ങളാണ് ഇവ:
1. കുടുംബം സ്പോൺസർ ചെയ്ത റെസിഡൻസി വിസ കൈവശമുള്ള തൊഴിലാളി.
2. അതേ സ്ഥാപനത്തിൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്ന തൊഴിലാളി.
3. രാജ്യത്തിന് ആവശ്യമായ പ്രൊഫഷണൽ യോഗ്യതകളോ കഴിവുകളോ അറിവോ ഉള്ള തൊഴിലാളി.
4. ഗോൾഡൻ വിസ ഉടമകൾ.
5. സംസ്ഥാനത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന ഏതെങ്കിലും പ്രൊഫഷണൽ വിഭാഗങ്ങൾ.
7. പ്രൊബേഷൻ സമയത്ത് കരാർ അവസാനിപ്പിക്കൽ
പ്രൊബേഷൻ കാലയളവിൽ ജോലി രാജിവച്ചാൽ റിക്രൂട്ട് ചെയ്യുന്നതിനോ കരാർ ചെയ്യുന്നതിനോ ഉള്ള ചെലവുകൾ ജീവനക്കാരൻ വഹിക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു കരാറിൽ നിങ്ങൾ ഒപ്പിട്ടിട്ടുണ്ടെങ്കിൽ, തൊഴിലുടമയ്ക്ക് അത് ആവശ്യപ്പെടാം