Rain alert in UAE അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴയെത്തി. ഞായറാഴ്ച രാത്രി മുതല്‍ മഴ പെയ്യുകയാണ്. ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഞായറാഴ്ച ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായി പ്രവചിച്ചിരുന്നു. സ്റ്റോം സെൻ്റർ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ റാസ് അൽ ഖൈമയില്‍ പെയ്ത കനത്തമഴയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചു.
റോഡുകളില്‍ നിറയെ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്‌ക്കൊപ്പം കടല്‍ പ്രക്ഷുബ്ധമാണ്. ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതൽ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ 10 മണി വരെ തിരമാലയുടെ ഉയരം ആറ് അടി വരെ ഉയരുമെന്നും ഒമാൻ കടലിൽ പ്രക്ഷുബ്ധമായ സാഹചര്യമുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നതിനാൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലിൽ നീന്തുകയോ മുങ്ങുകയോ ചെയ്യരുതെന്നും കടലിൽ പോകുകയോ ഏതെങ്കിലും സമുദ്രപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഔദ്യോഗിക എൻസിഎം റിപ്പോർട്ടുകൾ പിന്തുടരാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി ജനങ്ങളോട് അഭ്യർഥിച്ചു.