dubai Rta:ദുബൈ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തങ്ങളുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോകളിലൂം ടാബി എന്ന ഇൻസ്റ്റാൾമെന്റ് പേമെന്റ് ആപ്പ് അവതരിപ്പിച്ചു. ഇതിൽ ആർടിഎ വെബ്സൈറ്റ്, ആർടിഎ ആപ്പ്, നോൾ പേ ആപ്പ്, സ്മാർട്ട് കിയോസ്കുകൾ എന്നിവ ഉൾപ്പെടുന്നു. മുമ്പ് ഈ സേവനം സ്മാർട്ട് കിയോസ്കുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ നടപടി ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്, ഇതുവഴി ഉപയോക്താക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ, ട്രാഫിക് ഫൈനുകൾ തുടങ്ങിയ 170 ഓളം സേവനങ്ങൾക്ക് പണമടക്കാൻ സാധിക്കും.

ടാബി ആപ്പിലൂടെ ഉപയോക്താക്കൾക്ക് പേയ്മെന്റുകൽ നാല് ഗഡുക്കളായി വിഭജിക്കാൻ സാധിക്കും. ഇൻസ്റ്റാൾമെന്റ് ഓപ്ഷനുകളിലൂടെ വാഹന നമ്പർ പ്ലേറ്റുകൾ വാങ്ങുന്നതടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകും. ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് ശ്രമങ്ങളെയും ദുബൈ ഭരണാധികാരികളുടെ ഫുള്ളി ഡിജിറ്റൽ, സ്മാർട്ട് ഗവൺമെന്റ് കാഴ്ചപ്പാടിനെയും ഈ സംരംഭം പിന്തുണക്കുന്നു. ആർടിഎ സേവനങ്ങൾക്കുള്ള പേയ്‌മെന്റ് രീതികൾ മെച്ചപ്പെടുത്തുന്നതിലൂടെയും, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെയും, ദുബൈ സർക്കാരിന്റെ പൊതു വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ടാബിയുമായി സഹകരിച്ച് ആർടിഎ ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റായി പണമടക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ സൗകര്യം സ്മാർട്ട് കിയോസ്‌ക്കുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
