Sam Varkey Missing in UAE പത്തനംതിട്ട: യുഎഇയില്‍ വിസിറ്റ് വിസയിലെത്തിയ തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽമണ്ണിൽ സാം വർക്കിയെ (48) കാണാതായിട്ട് ഒരു വര്‍ഷമാകുന്നു. ഇതുവരെ സാമിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും തന്‍റെ ഏകമകന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഈ അമ്മ. ഷാര്‍ജയിലെ അജ്മാനില്‍നിന്നാണ് സാമിനെ കാണാതായത്. 2023 മേയ് അഞ്ചിനാണ് സാം നാട്ടിൽനിന്ന് ഷാര്‍ജയിലേക്ക് പോയത്. ആലപ്പുഴ തലവടി സ്വദേശിയായ ഏജന്‍റ് മുഖേനയായിരുന്നു ഷാര്‍ജയിലെത്തിയത്. ഇതിനായി 1,30,000 രൂപയും ഏജന്‍റിന് നൽകി. ആദ്യത്തെ ഒരു മാസം സാം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ജൂൺ 22ന് ശേഷം യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. അജ്മാനിലെത്തിയ സാം ആലപ്പുഴ സ്വദേശിയായ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. മുറിയ്ക്ക് പുറത്തേക്ക് പോയശേഷം സാം തിരികെ വന്നിട്ടില്ലെന്നാണ് അനീഷ് അന്ന് അറിയിച്ചത്. യുഎഇയിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. തിരുവല്ല ഡിവൈഎസ്പി ഓഫിസിലും പരാതി നൽകിയിരുന്നു.

സാമിനെ കണ്ടെത്തുന്നതിനായി നിരന്തര പരിശ്രമത്തിനിടെ സാമിന്‍റെ സഹോദരി സനുവിന് നാട്ടിലെ നഴ്സിങ് ജോലിയും നഷ്ടമായി. ഇന്ത്യൻ എംബസിയിൽനിന്ന് ആറുമാസം മുൻപ് വിളിച്ചിരുന്നതായും സാമിനെക്കുറിച്ച് വിവരം കിട്ടിയാൽ അറിയിക്കാമെന്നും വ്യക്തമാക്കിയതായി സനു പറഞ്ഞു. എന്നാൽ, ഇതുവരെയും പുതിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. സാമിനൊപ്പമുണ്ടായിരുന്ന അനീഷും വിസിറ്റിങ് വിസയിലാണ് വിദേശത്തേക്കെത്തിയത്. ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് അനീഷ് തിരികെ നാട്ടിലേക്ക് മടങ്ങിയിരുന്നു. സാമിന്‍റെ പാസ്പോർട്ട് രേഖകൾ അജ്മാനിലുള്ള അയൽവാസിക്ക് ഇയാൾ കൈമാറിയിരുന്നു. ഈ രേഖകളും ബന്ധുക്കൾക്ക് ലഭ്യമായിട്ടില്ലെന്ന് പൊതുപ്രവർത്തകരായ വി.ആർ. രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാർഡോസ് എന്നിവർ പറഞ്ഞു. മകനെ കണ്ടെത്തുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് സാമിന്‍റെ അമ്മ സാറാമ്മ വർക്കിയും സഹോദരിയും അഭ്യർഥിച്ചു.