
അങ്ങാടിക്കുരുവിയെ മോചിപ്പിച്ച് ജഡ്ജി! എങ്ങനെയെന്നല്ലേ? വിശദവിവരങ്ങൾ ചുവടെ
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്. വ്യാപാരികൾ തമ്മിലുള്ള തകർക്കം കോടതിയിലെത്തുകയും ആറുമാസം മുൻപ് കട അടച്ചുപൂട്ടുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ചില്ലുകൂടിന് മുകളിലെ ഒരു വിടവിലൂടെ കുരുവി അകത്തുകയറിയത്. എന്നാൽ തിരിച്ചുകയറാൻ സാധിച്ചില്ല. ശബ്ദമുണ്ടാക്കി തുടങ്ങിയതോടെയാണ് നാട്ടുകാർ കുരുവിയെ ശ്രദ്ധിച്ചത്. സ്വയം രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഷട്ടറിനും ഗ്ലാസിനുമിടയിൽ ഭക്ഷണമില്ലാതെ കുരുവി കഴിച്ചുകൂട്ടി കേസിൽപ്പെട്ടതിനാൽ ഫയർഫോഴ്സിനോ നാട്ടുകാർക്കോ സ്വയം കട തുറക്കാനും സാധിക്കില്ല.നാട്ടുകാർ നൂലിൽ കെട്ടി വെള്ളവും അരിയും നൽകി.
സംഭവം ജില്ലാ കളക്ടറെ അറിയിച്ചു. സീൽ ചെയ്ത പൂട്ടുതുറന്ന് കിളിയെ രക്ഷിക്കാൻ കളക്ടർ നിർദേശം നൽകി. പഞ്ചായത്ത് സെക്രട്ടറിക്ക് കട തുറക്കാൻ അനുമതി നൽകി. ജില്ലാ ജഡ്ജി നിസാർ അഹമ്മദും സ്ഥലത്തെത്തിയതോടെ കട തുറന്നു. രണ്ട് ദിവസത്തെ തടവിനുശേഷം അങ്ങാടിക്കുരുവി ആകാശത്തേക്ക് പറന്നുയർന്നു.

Comments (0)