പത്തനംതിട്ട: ക്യാൻസർ ബാധിച്ച് അകാലത്തിൽ മരിച്ച സഹോദരി പുത്രിയുടെ അവസാനകാല ആഗ്രഹങ്ങൾ പങ്കുവച്ച് ബന്ധു. ഷാജി കെ മാത്തൻ എന്ന വ്യക്തിയാണ് 26കാരിയായ സ്നേഹ അന്ന ജോസിന്റെ ആഗ്രഹങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സിൽ വയ്ക്കേണ്ട ഫോട്ടോയും മുൻകൂട്ടി പറഞ്ഞിട്ടാണ് സ്നേഹ യാത്രയായത്. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും സ്നേഹ പറഞ്ഞതായി കുറിപ്പിൽ പറയുന്നു.
രണ്ട് തവണ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ച് വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ തന്റെ അവസാന ആഗ്രഹങ്ങളെക്കുറിച്ച് പറയുകയായിരുന്നുവെന്നും ഷാജി പറയുന്നു. എഞ്ചിനിയറിംഗ് പഠനം അവസാന വർഷമെത്തിയപ്പോഴാണ് യുവതിയുടെ അസുഖം തിരിച്ചറിഞ്ഞത്. രോഗബാധിതയായിട്ടും സ്നേഹ പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി.
വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി സ്നേഹ സ്വന്തമാക്കി. പക്ഷേ രണ്ടര വർഷം കഴിഞ്ഞതോടെ അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ….
ഇത് എന്റെ സ്നേഹമോൾ..
എന്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ..
സ്നേഹയെന്ന പേര് തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.
പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ,
എഞ്ചിനിയറിംഗ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ? ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവച്ചു…
ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോൾ എല്ലാം വിഫലം..
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.
പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക.