Uae dates price;ദുബൈ: യുഎഇയിലെ ഈന്തപ്പഴ വിപണി റമദാന്‍ അടുത്തതോടെ സജീവമായിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള പ്രാദേശിക വിപണികളില്‍ വിവിധയിനം ഈന്തപ്പഴങ്ങള്‍ സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 10 ദിര്‍ഹമാണ് നിലവില്‍ ഒരു കിലോ ഈന്തപ്പഴത്തിന് വില, അതായത് 236 രൂപ. സാധാരണഗതിയില്‍ ഇത് ഭേദപ്പെട്ട വിലയാണ്. എന്നാൽ, ദുബൈയിലെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍, നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നും അതേസമയം ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

ഇപ്പോള്‍ വില സ്ഥിരമാണെങ്കിലും റമദാനിനോട് അടുക്കുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കും. ഈ സമയം വില വര്‍ധിക്കാനാണ് സാധ്യത. നിലവില്‍, ഗുണനിലവാരമനുസരിച്ച് ഒരു കിലോ മാബ്‌റൂം ഈന്തപ്പഴം 10 ദിര്‍ഹം മുതല്‍ 30 ദിര്‍ഹം വരെ ലഭ്യമാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പലസ്തീന്‍, ജോര്‍ദാന്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രിയ ഇനമായ മെജ്ദൂല്‍ ഈത്തപ്പഴം കിലോഗ്രാമിന് 20 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയാണ് വില. അതേസമയം, റമദാനില്‍ മജ്ദൂലിന് എപ്പോഴും ഡിമാന്‍ഡ് ഉയരാറുണ്ട് എന്നാണ് പോപ്പുലര്‍ മാര്‍ക്കറ്റിലെ വ്യാപാരിയായ അബ്ദുള്‍ കരീം ഖലീജ് ടൈംസിനോട് പറഞ്ഞത്. ‘നിലവിലെ വിലകള്‍ സ്ഥിരതയുള്ളതാണ്, പക്ഷേ ആളുകള്‍ സംഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.’
നിലവില്‍ സഫാരി ഈന്തപ്പഴത്തിന് കിലോഗ്രാമിന് 20 ദിര്‍ഹവും, ആമ്പര്‍ ഈന്തപ്പഴത്തിന് കിലോഗ്രാമിന് 35 ദിര്‍ഹവും മുതലാണ് വില. കിലോഗ്രാമിന് 15 ദിര്‍ഹത്തിനും 25 ദിര്‍ഹത്തിനും ഇടയിലാണ് സുക്കാരി ഈന്തപ്പഴം വില്‍ക്കുന്നത്. എന്നാൽ, റമദാനിലെ ഏറ്റവും പ്രിയപ്പെട്ട ഇനങ്ങളിലൊന്നായ മദീനയില്‍ നിന്നുള്ള അജ്വയുടെ കിലോയ്ക്ക് 30 ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെയാണ് വില.
നിലവില്‍ കിലോയ്ക്ക് 20 ദിര്‍ഹമാണ് ആണ് സഗായ് ഈന്തപ്പഴത്തിന് വില എന്നും വ്യാപാരികള്‍ പറഞ്ഞു. പകുതി പഴുത്തതും ശീതീകരിച്ചതുമായ ഖല്ലാസ് ഈത്തപ്പഴവും ഇപ്പോൾ വിപണിയിലുണ്ട്. റമദാനില്‍ എമിറാത്തികള്‍ പൊതുവെ ഇഷ്ടപ്പെടുന്നത് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഖല്ലാസാണ്. റമദാനിനോട് അനുബന്ധിച്ച് ഇതിനകം തന്നെ എല്ലാവരും സാധനം വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട് എന്നും കരീം വ്യക്തമാക്കി.
25 ദിര്‍ഹമാണ് നിലവില്‍ ഖല്ലാസിന്റെ വില. ഇസ്‌ലാം മതവിശ്വാസത്തില്‍ ഈന്തപ്പഴങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. റമദാനില്‍, വിശ്വാസികള്‍ നോമ്പ് തുറക്കാന്‍ കഴിക്കുന്ന ആദ്യത്തെ ഭക്ഷണമാണിത്. പ്രകൃതിദത്തമായ പഞ്ചസാരയാല്‍ സമ്പന്നമായ ഈന്തപ്പഴം ഒരു നീണ്ട ദിവസത്തെ ഉപവാസത്തിന് ശേഷം തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നതാണ്. കൂടാതെ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.